Sat. Sep 21st, 2024
അഞ്ചൽ:

പുനലൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കി നൽകാൻ പി എസ്‌ സുപാൽ എംഎൽഎ ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജലവിഭവ വകുപ്പിലെ വിവിധ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ്‌ നിർദേശം നൽകിയത്‌. ഉയർന്ന പ്രദേശങ്ങളിൽ ഭൂജല വകുപ്പുമായി ചേർന്ന് കുഴൽ കിണർ നിർമിച്ച് വീടുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതിക്ക്‌ നിലവിൽ രൂപം നൽകിയിട്ടുണ്ട്.

ബാക്കിയുള്ള പ്രദേശങ്ങളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച്‌ കുടിവെള്ള പ്രശ്നം പരിഹരിക്കുകയാണ്‌ ലക്ഷ്യം. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ പ്രോജക്ടുകൾ പൂർത്തീകരിക്കാത്ത ഇടമുളയ്ക്കൽ, അഞ്ചൽ, കരവാളൂർ പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്‌നം ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി പരിഹരിക്കുന്നതിനും ഇവിടെ നിർത്തിവച്ചിരിക്കുന്ന ജോലികൾ സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പുനലൂർ മുനിസിപ്പാലിറ്റിയുടെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയായ 150 കോടി രൂപ അപര്യാപ്തമായതിനാൽ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യുന്നതിനുള്ള നടപടികൾക്ക്‌ എംഎൽഎ നിർദേശം നൽകി. ദേശീയപാത, പൊതുമരാമത്തുവകുപ്പ്‌ റോഡുകളുടെ വശങ്ങളിൽ പൈപ്പ്‌ ഇടുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് എംഎൽ എ അറിയിച്ചു. ജലവിഭവ വകുപ്പ്‌ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനിയർ ഇൻ ചാർജ് ആശലത, അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.

By Divya