Fri. Mar 29th, 2024

കുന്നംകുളം ∙‍

നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ബസ് ടെർമിനലിൽ നിന്ന് കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ബസ് ഗതാഗതം തുടങ്ങിയത്. ഇതിന്റെ ഭാഗമായി നഗരത്തിൽ സമ്പൂർണ ട്രാഫിക് പരിഷ്കരണം നിലവിൽ വന്നു. കെഎസ്ആർടിസി ബസുകളും പുതിയ ബസ് ടെർമിനലിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയാണ് പോകുന്നത്.

കുന്നംകുളത്ത് ഇകെ നായനാർ സ്മാരക ബസ് ടെർമിനലിൽ നിന്ന് ബസുകളുടെ യാത്ര എസി മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു. 4 റോഡുകൾ കൂടി ചേരുന്ന ജംക്‌ഷനിൽ അടക്കം എവിടെയും ഗതാഗത കുരുക്ക് ഇല്ലാതെയാണ് ഇന്നലെ വാഹനങ്ങൾ കടന്നുപോയത്. തിരക്ക് ഏറെ ഉണ്ടാകാറുള്ള ബൈജു, ട്രഷറി റോഡുകൾ പലപ്പോഴും വിജനമായിരുന്നു.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ നഗരസഭ പ്രദേശങ്ങൾ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ കടകൾ മിക്കവയും അടഞ്ഞുകിടക്കുകയുമാണ്. ഇതും ബസ് സർവീസ് കുറവായതും തിരക്ക് കുറയാൻ കാരണമായി. ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സ് സമര പ്രഖ്യാപനം നടത്തി.

ഇതേ സമയം ബസുടമ സംഘടനകളും ബസ് ജീവനക്കാരുടെ യൂണിയനുകളും‍ ഗതാഗത പരിഷ്കരണം സ്വാഗതം ചെയ്തു. ട്രാഫിക് നിയന്ത്രിക്കാൻ എല്ലാ റോഡുകളിലും പൊലീസുകാരെ നിയോഗിച്ചിരുന്നു. ‍പുതിയ ടെർമിനലിൽ നിന്നുള്ള ബസ് ഗതാഗതം എസി മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ഉപാധ്യക്ഷ സൗമ്യ അനിൽ, അസിസ്റ്റ് പൊലീസ് കമ്മിഷണർ ടിഎസ് സിനോജ്, നഗരസഭ സെക്രട്ടറി ടികെ സുജിത്ത്, നഗരസഭ എൻജിനീയർ ബിനോയ് ബോസ് എന്നിവർ നേതൃത്വം നൽകി.

By Rathi N