Fri. Nov 22nd, 2024

കൊച്ചി:

മധുരംകിനിയും ഓണക്കിറ്റുകൾ ജില്ലയിൽ അവസാനഘട്ട ഒരുക്കത്തിൽ. പാക്കിങ്‌ പൂർത്തിയാക്കി 26 മുതൽ റേഷൻകടകളിൽ കിറ്റുകൾ എത്തിച്ചുതുടങ്ങും. ആഗസ്ത്‌ ഒന്നുമുതൽ കാർഡ്‌ ഉടമകൾക്ക് കിറ്റ് ലഭിക്കും.

ജില്ലയിൽ 8,81,834 കിറ്റുകളാണ് തയ്യാറാക്കുന്നത്. കാർഡുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. സപ്ലൈകോയുടെ അഞ്ചു ഡിപ്പോകൾക്കുകീഴിലാണ് പാക്കിങ്‌ പുരോഗമിക്കുന്നത്.

കൊച്ചി, എറണാകുളം, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. എറണാകുളം ഡിപ്പോയ്ക്കുകീഴിൽ 24 പാക്കിങ്‌ സെന്ററുകളുണ്ട്. ഓരോ ഡിപ്പോയ്‌ക്കുകീഴിലുമുള്ള ഇരുപതിലധികം പാക്കിങ്‌ സെന്ററുകളിൽ ജോലി പുരോഗമിക്കുന്നു.

കിറ്റുകൾ റേഷൻകടകളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങളും തയ്യാറായി. പഞ്ചസാര, പയർവർഗങ്ങൾ, പരിപ്പ് തുടങ്ങിയവയാണ് പാക്കറ്റുകളിൽ നിറയ്‌ക്കാനുള്ളത്. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവ പാക്കറ്റുകളിലായാണ് ഡിപ്പോകളിലെത്തുന്നത്.

ആഗസ്ത്‌ ഒന്നുമുതൽ നേരത്തേയുള്ള മുൻഗണനാക്രമം അനുസരിച്ചുതന്നെ കിറ്റുകൾ വിതരണം തുടങ്ങും. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞക്കാർഡ്‌ ഉടമകൾക്കാണ്‌ ആദ്യഘട്ടത്തിൽ കിറ്റ് നൽകുക. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് രണ്ടാംഘട്ടത്തിലും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപ്പെട്ട നീലക്കാർഡ്‌ ഉടമകൾക്ക് മൂന്നാംഘട്ടത്തിലും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട വെള്ളക്കാർഡ്‌ ഉടമകൾക്ക് നാലാംഘട്ടത്തിലും കിറ്റുകൾ വിതരണം ചെയ്യും.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ശബരി പൊടിയുപ്പ്, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അല്ലെങ്കിൽ ഉണക്കലരി, കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ, ഒരുകിലോ ആട്ട, ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി തുടങ്ങിയവയാകും കിറ്റിൽ ഉണ്ടാകുക.

By Rathi N