വൈപ്പിൻ ∙
വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും ഭിത്തികെട്ടി ബലപ്പെടുത്തിയിട്ടുള്ള റോഡിൽ ഇടക്കാലത്തു.
നടപ്പാത നിർമിച്ചു ടൈൽ പതിക്കുകയും ചെയ്തിരുന്നു. ബീച്ചിലെത്തുന്ന വിദേശികളടക്കമുള്ള സന്ദർശകർ ചൂണ്ടയിടാനും മറ്റും റോഡിന്റെ ഇരുവശങ്ങളിലും തമ്പടിക്കുന്നതും പതിവായിരുന്നു. നേരത്തെ റോഡിന്റെ പാർശ്വഭിത്തി ചെറിയതോതിൽ ഇടിഞ്ഞു തുടങ്ങിയപ്പോൾത്തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
എന്നാൽ അറ്റകുറ്റപ്പണി നടത്താതിരുന്നതോടെ വശങ്ങൾ കൂടുതൽ ഇടിയുകയും നടപ്പാതയിലെ ടൈലുകൾ ഇളകിത്തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഭിത്തി പൂർണമായി ഇടിഞ്ഞുവീണു വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കൊവിഡ് നിയന്ത്രണങ്ങൾക്കു മുൻപു ബീച്ചിലേക്ക് ഒട്ടേറെ വാഹനങ്ങൾ എത്തിയിരുന്നത് ഈ റോഡിലൂടെയാണ്. വലിയ ടൂറിസ്റ്റ് ബസുകളും ഭാരവാഹനങ്ങളും ഇതു വഴി കടന്നുപോയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം വാഹന ഗതാഗതം സാധാരണനിലയിലാകുന്നതിനു മുൻപു തന്നെ പാർശ്വഭിത്തിയുടെ പുനർനിർമാണം നടത്തിയില്ലെങ്കിൽ റോഡ് കൂടുതൽ തകരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ തകർന്നതിനു പുറമേ മറ്റു ഭാഗങ്ങളിലും ഭിത്തി ദുർബലാവസ്ഥയിലാണ്. മഴ ശക്തമാവുന്നതോടെ ഈ ഭാഗങ്ങളിൽ റോഡിനടിയിൽ നിന്നു മണ്ണ് ഒലിച്ചുപോയി ടാറിങ് തകരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.