Sun. Dec 22nd, 2024
കൊല്ലം:

ആശ്രാമം മൈതാനത്തു കടമുറികളുടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനം. ഇതു സംബന്ധിച്ചു മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽനിന്നു ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുൻ മേയറും നഗരാസൂത്രണ സ്ഥിരസമിതി അധ്യക്ഷയുമായ ഹണി ബെഞ്ചമിൻ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജി ഉദയകുമാർ എന്നിവർ ഇറങ്ങിപ്പോയി. സിപിഐ പ്രതിനിധികളാണ് ഇറങ്ങിപ്പോയവർ.

എം മുകേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം. അഞ്ചാലുംമൂട്ടിൽ ബസ്ബേ നവീകരണത്തെക്കുറിച്ചു ആലോചിക്കാൻ എന്ന പേരിലാണ് അനൗപചാരിക യോഗം ചേർന്നത്. ബസ് ബേയുടെ ചർച്ച കഴിഞ്ഞപ്പോഴാണ് ആശ്രാമം മൈതാനത്തെ നിർമാണം പുനരാരംഭിക്കുന്ന വിഷയം അവതരിപ്പിച്ചത്.

അപ്പോൾത്തന്നെ എതിർപ്പു പ്രകടിപ്പിച്ചു സിപിഐ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. പാർട്ടി നേതൃത്വത്തെയും വിഷയം അറിയിച്ചിട്ടുണ്ട്. പൈതൃക വില്ലേജിന്റെ ഭാഗമായി കടമുറികൾ നിർമിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയരുകയും കോർപറേഷൻ മുൻ ഭരണസമിതി സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തതിനെ തുടർന്നു ഒരു വർഷത്തിലേറെയായി നിലച്ചു കിടന്ന നിർമാണമാണു പുനഃരാരംഭിക്കുന്നത്.

കൊല്ലത്തിന്റെ തനതു കരകൗശല ഉൽപന്നങ്ങൾ വിനോദ സഞ്ചാരികൾക്കു പരിചയപ്പെടുത്തുന്നതിന് എന്നു പറഞ്ഞാണ് ആശ്രാമം മൈതാനം കയ്യേറുന്നത്. ഗവ ഏജൻസികൾക്കാണു കടമുറി നൽകുന്നതെന്നാണു പറയുന്നത്.

പദ്ധതിയുടെ ഭാഗമായി പൈതൃക വീഥി, ശിൽപ മതിൽ എന്നിവയുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തി. ഇതിന്റെ തുടർനിർമാണം എന്ന മറവിലാണു കടമുറികൾ നിർമിക്കുന്നത്. മൈതാനത്തിന്റെ കവാടം മുതൽ കിഴക്കോട്ട് നായേഴ്സ് ആശുപത്രി റോഡിൽ എത്തുന്നതുവരെ ഇടവിട്ടാണു കട നിർമാണം. ഇതിനു 10 സെന്റ് ഭൂമി ടൂറിസം വകുപ്പിനു വിട്ടു നൽകിയിട്ടുണ്ട്. 2.97 കോടി രൂപയാണു നിർമാണ ചെലവ്. ഹാബിറ്റാറ്റിനാണു നിർമാണ കരാർ.

കോർപറേഷന്റെ അനുമതി ലഭിക്കാതെയാണു കടമുറികളുടെ നിർമാണം തുടങ്ങിയത്. ഹണി ബെഞ്ചമിൻ മേയർ ആയിരുന്നപ്പോൾ നിർമാണത്തിനെതിരെ രംഗത്തു വരികയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. കോർപറേഷനിൽ പുതിയ ഭരണസമിതി വന്നതോടെയാണു വീണ്ടും നിർമാണത്തിനു വഴി തെളിഞ്ഞത്.

By Divya