Sat. Jan 18th, 2025

ആലുവ∙

ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡും നവജാതശിശു പരിപാലന യൂണിറ്റും ചോർന്നൊലിക്കുന്നു. തറയിൽ വെള്ളം തളംകെട്ടാതിരിക്കാൻ ചോർച്ചയുള്ള ഭാഗങ്ങളിൽ ബക്കറ്റ് വച്ചിരിക്കുകയാണ്. കുളിമുറികളുടെ ഭിത്തികളിൽ അറപ്പുളവാക്കുന്ന തരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞു നടക്കുന്നു. സിസേറിയൻ ഉൾപ്പെടെ പ്രതിമാസം നൂറിലേറെ പ്രസവം നടക്കുന്ന ആശുപത്രിയിലാണ് അമ്മമാരും കുഞ്ഞുങ്ങളും ബുദ്ധിമുട്ടുകൾ നേരിടുന്നത്. 2 ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന പ്രസവ വാർഡിൽ മഴ പെയ്യുമ്പോൾ വരാന്തയിലെ മേൽക്കൂരയിൽ നിന്നു വെള്ളം ശക്തിയായി താഴേക്കു പതിക്കും.

വാർഡിൽ തെന്നി വീഴാതിരിക്കാൻ ഗർഭിണികൾ കൂട്ടിരിപ്പുകാരുടെ കൈപിടിച്ചാണു നടക്കുന്നത്. നവജാത ശിശുക്കളുമായി വരുന്നവർ വെള്ളത്തിൽ ചവിട്ടി വീഴാതിരിക്കാൻ ന്യൂബോൺ സ്റ്റബിലൈസേഷൻ യൂണിറ്റിനു മുൻപിൽ മുന്നറിയിപ്പു നോട്ടിസ് പതിച്ചിട്ടുണ്ട്. പ്രസവ വാർഡിൽ നിന്നു ഗർഭിണികളെ മഴയും വെയിലുമേൽക്കാതെ സുരക്ഷിതമായി ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കാൻ 3 വർഷം മുൻപു നിർമിച്ച റാംപ് 3 മാസം മുൻപു കാറ്റിൽ മരം വീണു തകർന്നു.
അതു പുനഃസ്ഥാപിച്ചിട്ടില്ല.

മഴ നനയാതിരിക്കണമെങ്കിൽ രോഗികളെ സ്ട്രെച്ചറിൽ കുട ചൂടിച്ചു കൊണ്ടുപോകണം. വാർഡിലെ പല ജനലുകൾക്കും ചില്ലോ കർട്ടനോ ഇല്ല. ലൈറ്റുകളും സ്വിച്ച് ബോർഡുകളും തകരാറിലാണ്. പ്രസവ വാർഡിന്റെ പുനരുദ്ധാരണത്തിനു സർക്കാർ ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചതായി അധികൃതർ പറഞ്ഞു. ടെൻഡർ നടപടി പൂർത്തിയായി. വാർഡ് അടച്ചിട്ടു പണി നടത്താനാണ് ഉദ്ദേശിക്കുന്നത്. പിന്നീടു വരുന്ന രോഗികളെ ഗവ. മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യും.

By Rathi N