മാള:
പ്രളയത്തിൽ കേടുപാടു പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയാക്കാത്ത വൈന്തോട് പാലത്തിന്റെ ഒരു വശം കനത്ത മഴയിൽ തകർന്നു. ഇതോടെ വാഹന ഗതാഗതം നിലച്ചു. ഭാര വാഹനം പാലത്തിലൂടെ പോയതാണു തകർച്ചയ്ക്കു കാരണമായതെന്നു നാട്ടുകാർ പറയുന്നു.
പാലവും റോഡും തമ്മിൽ യോജിക്കുന്ന ഭാഗമാണു പത്തടിയിലേറെ താഴ്ചയിലേക്കു തകർന്നത്. വാഹന ഗതാഗതം നിരോധിച്ച് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിലൂടെ വാഹനങ്ങൾ പോകാറുണ്ട്. 2018 ലെ പ്രളയത്തിൽ പുഴ ഗതിമാറി ഒഴുകിയാണു റോഡ് രണ്ടിടങ്ങളിൽ തകർന്നത്.
വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാകാത്തത് അധികൃതരുടെ അനാസ്ഥ കാരണമാണെന്നും കരാറുകാരൻ പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. നവീകരണം ആരംഭിച്ചപ്പോൾ സ്ഥാപിച്ച കമ്പികളും മറ്റും തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ 24 നു പഞ്ചായത്തിൽ യോഗം വിളിക്കുമെന്ന് അറിയിച്ചതായി അംഗം ജിയോ ജോർജ് പറഞ്ഞു. നിലവിലെ ടെൻഡർ റദ്ദാക്കി പുതിയ കരാറുകാരനു നവീകരണ പ്രവൃത്തികൾ നൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം.