Fri. Nov 22nd, 2024
മൂലമറ്റം:

ആദ്യകാല പ്രതാപം നഷ്ടപ്പെടുന്ന മൂലമറ്റത്തിൻ്റെ വികസനത്തിനായി പ്രധാന റോഡുകളും റിങ് റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യം. മൂലമറ്റത്ത് ഒട്ടേറെ ആളുകൾ എത്തേണ്ട മൂന്നുങ്കവയൽ, പുത്തേട്, കണ്ണിക്കൽ പ്രദേശത്തുള്ളവർ കൂടുതൽ യാത്രാ സൗകര്യമുള്ള മറ്റിടങ്ങളിലേക്കാണ് കാർഷിക വിളകൾ വിൽക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പോകുന്നത്. ഇതിന് പരിഹാരമായി എകെജി തൂക്കുപാലത്തിനു സമീപം പുതിയ ഒരു കോൺക്രീറ്റ് പാലം നിർമിക്കണം.

ഇവിടെ പുതിയ കോൺക്രീറ്റ് പാലത്തിന് അനുമതിയായി വർഷങ്ങൾ കഴിഞ്ഞതാണ്. പാലം പൂർത്തിയായാൽ പ്രദേശത്തുള്ളവർക്കു മൂലമറ്റം ടൗണിൽ കുറഞ്ഞ ദൂരത്തിൽ എത്താൻ സാധിക്കും. പാലത്തിന് ഇരുകരയിലും അപ്രോച്ച് റോഡ് പൂർത്തിയായതാണ്.

ഈ പാലം കടന്നു ഇടക്കര കവലയിൽ എത്തി മണപ്പാടി വഴി വാഗമൺ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ പോകാൻ കഴിയും. കൂടാതെ മണപ്പാടി വലിയ പാലം കടന്ന് തേക്കിൻ കൂപ്പ്, കെഎസ്ആർടിസി വഴി ടൗണിലേക്കും എത്താം.

ഇതോടൊപ്പം അവശ്യഘട്ടത്തിൽ സമാന്തരപാതയായി ഉപയോഗിക്കാം. 3 പ്രധാന റോഡുകളുടെ നിർമാണമാണ് വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നത് ടൗണിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മൂലമറ്റം കോട്ടമല റോഡ്, മൂലമറ്റം പതിപ്പള്ളി മേമുട്ടം ഉളുപ്പൂണി റോഡ്,
മൂലമറ്റം ചേറാടി ആശ്രമം റോഡ് എന്നീ റോഡുകൾ പൂർത്തിയായാലേ മൂലമറ്റത്തിന് പഴയ പ്രതാപത്തിലേക്കു എത്താൻ സാധിക്കുകയുള്ളൂ.

ഈ റോഡുകൾ പണിയാൻ തുടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും റോഡ് ഗതാഗതയോഗ്യമാക്കി ബസ് ഗതാഗതം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അറക്കുളം പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ ഇപ്പോഴും യാത്ര ദുരിതത്തിൽ വലയുകയാണ്.

By Divya