Sun. Nov 24th, 2024
കൊട്ടാരക്കര:

പുത്തൂർ മാർക്കറ്റിൽ 2.56 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വികസന സാധ്യതകൾ വിലയിരുത്തുകയായിരുന്നു മന്ത്രി. മാർക്കറ്റ് നവീകരണത്തിന്‌ ഹൈടെക് വികസന മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്.

മാലിന്യ പ്രശ്നങ്ങളും സ്ഥല പരിമിതിയും മൂലം വീർപ്പു മുട്ടുന്ന മത്സ്യമാർക്കറ്റിൻ്റെ പണി ഉടൻ ആരംഭിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കിഫ്ബിയുടെ അടുത്ത ഡയറക്ടർ ബോർഡ് യോ​ഗത്തിൽ പദ്ധതിക്ക്‌ ഭരണാനുമതി ലഭ്യമാക്കും.

കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ പഞ്ചായത്തുകളുടെ സം​ഗമകേന്ദ്രമായ പുത്തൂരിൽ വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ്‌ എത്തുന്നത്‌. ആ നിലയ്ക്കുള്ള വികസനമാണ് പുത്തൂരിൽ നടത്തുകയെന്ന്‌ മന്ത്രി പറഞ്ഞു. വികസനം ചർച്ചചെയ്യാൻ വൈകാതെ പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി സുഹൃത്തുക്കൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും.

നിർമാണം ആരംഭിക്കുമ്പോൾ വ്യാപാരികൾക്ക് കച്ചവടം നടത്താൻ പുതിയ സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കാൻ മന്ത്രി പഞ്ചായത്തിന് നിർദേശം നൽകി. ഖരമാലിന്യ സംസ്കരണ പ്ലാന്റ്, ബയോ​ഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, 20 ഷോപ്പുകൾ, 28 സ്റ്റാളുകൾ, ഡ്രൈഫിഷ് സ്റ്റാൾ, ശുചിമുറി, ഓട നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല.

By Divya