Sat. Nov 23rd, 2024

കോഴിക്കോട്:

പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വൈകിട്ട് മുതൽ കച്ചവടം തുടങ്ങി.

കോർപറേഷന്റെ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം നടത്താനാണ് അനുമതി നൽകിയത്.ഇതിനായി 32 സ്ഥലങ്ങളിൽ കോർപറേഷൻ സ്ഥലം മാർക്ക് ചെയ്തിട്ടുണ്ട്. ഇന്നലെ പകൽ മിഠായിതെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു.

കച്ചവടത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ തെരുവ് കച്ചവടക്കാർ പ്രതിഷേധിച്ചത് വാക്കുതർക്കത്തിനിടയാക്കി. കഴിഞ്ഞ ദിവസമാണ് മിഠായിത്തെരുവിൽ വഴിയോര കച്ചവടം നിരോധിച്ച് സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടത്. കടകൾ തുറന്നെങ്കിലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കച്ചവടക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായത്.

വഴിയോര കച്ചവടം തുടങ്ങിയാൽ ആളുകൾ കൂടാൻ സാധ്യതയുണ്ടെന്നും കച്ചവടം നടത്തിയാൽ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇത് അംഗീകരിക്കാൻ കച്ചവടക്കാർ തയാറായില്ല. വ്യാപാരികൾ സംഘടിച്ചെത്തുകയും കച്ചവടം നടത്താൻ സാധനങ്ങൾ എടുത്ത് വയ്ക്കുകയും ചെയ്തു.

ഇത് പൊലീസ് തടഞ്ഞതോടെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാകുകയും സംഘർഷാവസ്ഥയിലെത്തുകയുമായിരുന്നു. കോർപറേഷൻ അധികാരികളിൽനിന്നു ലൈസൻസുള്ള 101 കച്ചവടക്കാർക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ലൈസൻസ് ഉള്ളവർ മാത്രമാണ് കച്ചവടത്തിനെത്തിയതെന്നും സിഐടിയു ജില്ലാ സെക്രട്ടറി സി പി സുലൈമാൻ പറഞ്ഞു.

നഗരത്തിലെ പല ഭാഗങ്ങളിലും കച്ചവടം നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും വിലക്ക് ഇല്ല. പ്രതിഷേധത്തെ തുടർന്ന് കച്ചവടക്കാരെ കമ്മിഷണർ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. കോർപറേഷൻ സെക്രട്ടറി കെ യു ബിനി, ഹെൽത്ത് ഓഫിസർ ഡോ ആർ എസ് ഗോപകുമാർ, പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ മാമ്പറ്റ ശ്രീധരൻ, സി പി സുലൈമാൻ, ഫൈസൽ പള്ളിക്കണ്ടി, പി കെ നാസർ, പി പി മാമുക്കോയ, ഉസ്മാൻകോയ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും ധാരണയായി.