Sat. Nov 23rd, 2024
ഏറ്റുമാനൂർ:

മൊബൈൽ റിപ്പയറിങ് സെന്ററിൽ നാണയ, കറൻസി ശേഖരങ്ങൾക്കൊണ്ടു മിനി മ്യൂസിയം ഒരുക്കി മൊബൈൽ ടെക്നീഷ്യൻ. ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ എസ് ഷംനാസാണു (35) വിവിധ രാജ്യങ്ങളുടെ നാണയങ്ങളും , കറൻസികളും , മുദ്രപത്രങ്ങളും, പോസ്റ്റ് കാർഡും സ്വന്തം റിപ്പയറിങ് സെന്ററിൽ പ്രദർശിപ്പിച്ചു ശ്രദ്ധ നേടുന്നത്.

യുഎസ്എസ്ആറിന്റെ (റഷ്യ) 100 റൂബിൾ കറൻസി ഉൾപ്പെടെയുള്ളവ എംസി റോഡിലെ സൈബർ മൊബൈൽ റിപ്പയറിങ് സെന്ററിലുണ്ട്. 5-ാം ക്ലാസ് മുതലാണു‍ ഷംനാസ് നാണയങ്ങളും കറൻസികളും ശേഖരിക്കാൻ തുടങ്ങിയത്.

എംഡി സെമിനാരി സ്കൂളിൽ പഠിക്കുന്ന കാലത്തു സമീപത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിയ ഓസ്ട്രേലിയൻ ദമ്പതികളോടു നാണയ ശേഖരകമ്പത്തെപ്പറ്റി അറിയാവുന്ന ഭാഷയിൽ പറഞ്ഞപ്പോൾ അവർ സമ്മാനിച്ച നാണയവും നിധി പോലെ ഷംനാസ് സൂക്ഷിക്കുന്നു. 4 വർഷങ്ങൾക്കു മുൻപ് ഷംനാസിന്റെ പക്കൽ നാണയങ്ങളുടെയും കറൻസികളുടെയും വിപുലമായ ശേഖരം ഉണ്ടെന്നു അറിഞ്ഞ സുഹൃത്ത് സോജൻ നിമ്മീസ് പങ്കുവച്ച ആശയമാണു മൊബൈൽ സർവീസ് സെന്ററിൽ നാണയങ്ങളും കറൻസികളും പ്രദർശനത്തിനായി വച്ചത്.

നാട്ടുരാജ്യങ്ങളായിരുന്ന ഹൈദരാബാദ് , ഗ്വാളിയാർ തുടങ്ങിയ 203 രാജ്യങ്ങളുടെ നാണയങ്ങളുടെയും, കറൻസികളുടെയും ‍ വർഷങ്ങൾ ‍പഴക്കമുള്ള പോസ്റ്റ് കാർഡ്, അഞ്ചൽ കാർഡ്, 1934, 1935 കാലഘട്ടത്തിലെ മദ്രാസ് സർക്കാരിന്റെ ഉൾപ്പെടെയുള്ള മുദ്രപത്രങ്ങൾ, കൊമോറേറ്റീവ് വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യയുടെ ഒട്ടേറെ നാണയങ്ങൾ എന്നിവയുടെയും അപൂർവ ശേഖരം ഷംനാസിന്റെ പക്കൽ ഉണ്ട്.

1998ലെ റുമേനിയയുടെ പ്ലാസ്റ്റിക് കറൻസി, ആഫ്രിക്കയിലെ ബറുണ്ടി, യൂറോപ്പിലെ സ്വീഷൽസ്, ആഫ്രിക്കയുടെ സിയാറാലിയോൺ എന്നിങ്ങനെയുള്ള കറൻസികൾ കൗതുകം ജനിപ്പിക്കുന്നു. നാണയങ്ങൾ പ്രത്യേക പാക്കറ്റുകളിലാക്കി മേശയുടെ മൂന്നു റോകളിലും, അക്ഷരമാല ക്രമത്തിലുമാണു നാണയങ്ങളും കറൻസികളും സൂക്ഷിക്കുന്നത്.

കടയിൽ എത്തി നാണയങ്ങളുടെയോ, കറൻസികളുടെയോ സംശയങ്ങൾ ചോദിച്ചാൽ വ്യക്തമായി വിവരണം നൽകാനും സാധിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും കടയിലെ സഹായി ടിങ്ക്വിൾ സ്കറിയായും പിന്തുണയുമായി ഷംനാസിനൊപ്പം ഉണ്ട്. നാട്ടകം പോളിടെക്നിക്കിലെ തുടർപഠന കേന്ദ്രത്തിലെ മൊബൈൽ ടെക്നീഷ്യൻ അധ്യപകനാണ്.

പുതിയ തലമുറയ്ക്കു അറിവ് പകരാൻ സാധിക്കുന്നു എന്ന സന്തോഷം ഉണ്ടെന്നു ഷംനാസ് പറയുന്നു.

By Divya