വയനാട്:
വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച് മരിച്ചത്. കട ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് ഓടാത്തതിനാൽ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
ഞായറാഴ്ച ഉറ്റസുഹൃത്തിനെ ഫോണില്‍ വിളിച്ച് രാജമണി പറഞ്ഞു -‘എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്’. താൻ വിഷം കഴിച്ചതായി ഇതിനുപിന്നാലെ സുഹൃത്തിനെ വിളിച്ച് പറയുകയും ചെയ്തു. രണ്ടാമത്തെ ഫോൺ വന്ന ഉടന്‍ തന്നെ സുഹൃത്ത് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ രാജമണിയെ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് രാജമണി മരിച്ചത്.
കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിൻറെ ഉടമയാണ് രാജാമണി.ബസ് സർവിസിൽനിന്നുള്ള വരുമാനമായിരുന്നു രാജാമണിയുടെ ജീവിതമാർഗം. മാസങ്ങളായി ബസ് സർവിസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ഞായറാഴ്ച ഇവരിൽ ഉൾപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചുപറഞ്ഞാണ് രാജമണി വിഷം കഴിച്ചത്.