Tue. Nov 26th, 2024

ആലപ്പുഴ:

ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം ഉടൻ തുടങ്ങും. കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ നിർമിക്കുന്ന ഹബിന്‌ ടെസ്‌റ്റ്‌ പൈലിങ്‌ രണ്ടാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഇതിന്‌ മുന്നോടിയായി വളവനാട്ട്‌ താൽക്കാലിക ഗാരേജിനായി നിർമാണവും തുടങ്ങി.

400 കോടി രൂപയുടെ പദ്ധതിക്ക്‌ കഴിഞ്ഞ ഫെബ്രുവരി 17നാണ്‌ കല്ലിട്ടത്‌. പാരിസ്ഥിതികാനുമതിയടക്കം ലഭിച്ച ഹബിന്റെ നിർമാണച്ചുമതല ഇൻകെൽ ലിമിറ്റഡിനാണ്. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തിയാണ്‌ പൈലിങ്ങിന്‌ തീരുമാനിച്ചത്‌. ഗാരേജിന്റെ വടക്കേ അറ്റത്ത്‌ പൈലിങ്‌ തുടങ്ങാൻ പഴയ കെട്ടിടം പൊളിച്ചുമാറ്റും.

താൽക്കാലിക ഗാരേജിനായി വളവനാട്‌ സിഎച്ച്‌സിക്ക്‌ സമീപം ഒരാഴ്‌ചമുമ്പ്‌ തുടങ്ങിയ‌ നിർമാണം പുരോഗമിക്കുകയാണ്‌. പാർക്കിങ്‌ ഗ്രൗണ്ട്‌ തയ്യാറായി. നിർമാണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ വളവനാട്ടേയ്‌ക്ക്‌ ഗാരേജ്‌ മാറ്റുമെന്ന്‌ ആലപ്പുഴ എടിഒ വി അശോക്‌കുമാർ പറഞ്ഞു.

മൂന്നുഘട്ടങ്ങളിലായി നിർമിക്കുന്ന മൊബിലിറ്റി ഹബ് പദ്ധതിയോടെ ആലപ്പുഴ കൂടുതൽ സുന്ദരമാകും. ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ 4.07 ഏക്കറിൽ നിമിക്കുന്ന ഹബ് കിഴക്കിന്റെ വെനീസിന്‌ അലങ്കാരമാകും. 58,000 ചതുരശ്രയടി ബസ് ടെർമിനൽ ഏരിയയാണ്. കാൽനടയാത്രയും ബസ് നീക്കവും പൂർണമായും വേർതിരിക്കും.

യാത്രക്കാരെ കയറ്റാനും ഇറക്കാനും 17 സ്ഥലങ്ങളുണ്ട്. താഴത്തെ നിലയിൽ കഫ്‌റ്റീരിയ, എസി, നോൺ എസി വെയിറ്റിങ് ലോഞ്ചുകൾ, പുരുഷന്മാർക്കും സ്‌ത്രീകൾക്കും ശൗചാലയങ്ങൾ, ഇൻഫർമേഷൻ ഡെസ്‌ക്, വെയിറ്റിങ് ഏരിയ എന്നിവയുണ്ട്. ഒന്നാംനിലയിൽ 37 ബസ് പാർക്കിങ്ങിന് പ്രത്യേക പ്രവേശനവും എക്‌സിറ്റുമുണ്ട്.

മൂന്നുനിലകളിലായി 32,628 ചതുരശ്ര അടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. 21 സ്‌ത്രീകൾക്കും 19 പുരുഷന്മാർക്കും സിംഗിൾ റൂം വാടകയ്‌ക്കെടുക്കാനുള്ള സൗകര്യവും ഡോർമിറ്ററിയുമുണ്ട്. നാല് സ്‌റ്റാർ ഹോട്ടൽ, റെസ്‌റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം, മൾട്ടിപ്ലക്‌സ്‌ തിയേറ്റർ, വെയിറ്റിങ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും പദ്ധതിയിലുണ്ട്‌.

ടെർമിനലിനടുത്തുള്ള പ്രത്യേക ബ്ലോക്കിൽ ബസ് വർക്ക്‌ഷോപ്പുകളും ഗാരേജും തയ്യാറാക്കും. ഒരുസമയം ഒമ്പത് ബസുകൾ ഉൾക്കൊള്ളും. മെയിന്റനൻസ് ചേമ്പറുള്ള ബേസും കെഎസ്ആർടിസി ഓഫീസും സ്‌റ്റാഫിന്‌ പ്രത്യേക താമസസൗകര്യവുമുണ്ടാകും. പൊതുഇന്ധന സ്‌റ്റേഷനും നിർമിക്കും. ഏഴ് നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ 150 കാറുകൾ പാർക്ക് ചെയ്യാം.

By Rathi N