Mon. Dec 23rd, 2024
കുര:

നവീകരണത്തിനു വേണ്ടി, റോഡ് അടച്ച് എട്ടു ദിവസം പിന്നിട്ടിട്ടും റോഡിലെ ടൈൽ ഇളക്കി മാറ്റിയതല്ലാതെ മറ്റു നടപടികളില്ല. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പത്തനാപുരം-കുര-കൊട്ടാരക്കര പ്രധാന പാതയിൽ കുര പതിനെട്ടാംപടിയിലാണ് ഈ ദുരവസ്ഥ.

വശത്തെ മണ്ണിടിയുകയും വെള്ളം കെട്ടി നിന്നു റോഡിൽ പാകിയ ഇന്റർലോക്ക് ടൈലുകൾ ഇളകി മാറി, വാഹനാപകടങ്ങൾ പതിവാകുകയും ചെയ്തതോടെയാണ് റോഡ് അടച്ചിട്ടു നവീകരണത്തിനു തീരുമാനിച്ചത്. ടൈലുകൾ ഇളക്കിയിടുകയും റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചു വിടുകയും ചെയ്തതല്ലാതെ മറ്റു നടപടികൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

പത്തനാപുരം-കൊട്ടാരക്കര കെഎസ്ആർടിസി ചെയിൻ സർവീസും സ്വകാര്യ സർവീസുകളും ഉൾപ്പെടെ ദിവസവും നൂറു കണക്കിനു വാഹനങ്ങൾ പോകുന്ന പാതയാണ് ഇത്. പത്ത് ദിവസം കൊണ്ട് പുനരുദ്ധാരണം പൂർത്തിയാക്കി റോഡ് തുറന്നു നൽകുമെന്നായിരുന്നു പ്രഖ്യാപനം.

By Divya