നിലമ്പൂർ:
നിലമ്പൂർ വനത്തിൽ മാവോവാദികളുടെ സാന്നിധ്യം കുറഞ്ഞുവരുന്നു. 2020 മാർച്ച് 11ന് പോത്തുകല്ല് സ്റ്റേഷൻ പരിധിയിലെ വാണിയമ്പുഴ വനമേഖലയിലാണ് ജില്ലയിൽ അവസാനമായി മാവോവാദികളെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പൊലീസിൽ കേസുണ്ട്.
2018ൽ പാട്ടക്കരിമ്പ്, വേങ്ങാപരത, പുഞ്ചക്കൊല്ലി, മണ്ണള, താളിപ്പുഴ, അളക്കൽ, മഞ്ചക്കോട്, തണ്ണിക്കടവ് എന്നിവിടങ്ങളിലും 2019 ൽ മേലേ മുണ്ടേരി, വാണിയമ്പുഴ, നായാടംപൊയിൽ, ടികെ കോളനി, വരിച്ചിൽ മല, കൂട്ടിൽപാറ, ആനമറി, കുമ്പളപാറ, പിസികെ വാണിയമ്പുഴ, വാണിയമ്പുഴ കോളനി, കോഴിപ്പാറ, കൂട്ടിലപാറ, അളക്കൽ പ്ലാൻറെഷൻ, പുല്ലൻകോട് എസ്റ്റേറ്റ്, മാനു ഹാജി തോട്ടം, നാടുകാണി ചുരം എന്നിവിടങ്ങളിലും 2020 ൽ കുമ്പളപാറ, തണ്ടംകല്ല്, അപ്പൻകാപ്പ്, വാണിയമ്പുഴ എന്നിവിടങ്ങളിലുമാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഒരു കോളനിയിൽ തന്നെ ഒന്നിലധികം തവണ ഇവരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2016 നവംബർ 24ന് കരുളായി വനത്തിൽ വരയൻമലയിലെ വെടിവെപ്പിന് ശേഷവും നിലമ്പൂർ വനത്തിൽ മാവോവാദി സാന്നിധ്യം തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, 2020 മാർച്ചിന് ശേഷം ഒരു തവണ പോലും സായുധധാരികളായ സംഘത്തെ കോളനികളിലോ വനത്തിലോ കണ്ടതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് മാവോവാദികൾ തങ്ങളുടെ ആശയപ്രചാരണത്തിന് തലം കണ്ടെത്തിയിരുന്നത്. ചില കോളനികളിൽ അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് പ്രത്യേക പദ്ധതികളുമായി കോളനികളിലെ ഇടപെടൽ സജീവമാക്കി.
ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്കായി നോഡൽ ഓഫിസറെ നിയമിച്ചു. മാസത്തിൽ രണ്ട് തവണ വനത്തിനുള്ളിലെ കോളനികളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. സുരക്ഷക്കായി കേന്ദ്ര-സംസ്ഥാന ഫണ്ടും വിനിയോഗിച്ച് തുടങ്ങി. ഇതിനായി ജില്ല പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്ക് ഫണ്ട് ലഭ്യമാക്കി.