Sun. Apr 28th, 2024

നെടുമ്പാശേരി ∙

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബിസിനസ് ജെറ്റുകൾക്ക് മാത്രമായുള്ള പ്രത്യേക ടെർമിനൽ ഉടൻ. ഇതോടൊപ്പം യാത്രക്കാർക്ക് താമസിക്കാൻ ബജറ്റ് ഹോട്ടലും വിവിഐപികൾക്കായി പ്രത്യേക ടെർമിനലും സജ്ജമാക്കും. രാജ്യാന്തര യാത്രക്കാർക്കായി ടെർമിനൽ 3 പുതുതായി നിർമിക്കുകയും പഴയ രാജ്യാന്തര ടെർമിനൽ (ടെർമിനൽ 1) ആഭ്യന്തര ടെർമിനലായി മാറ്റുകയും ചെയ്തതോടെ ഉപയോഗമില്ലാതിരിക്കുന്ന പഴയ ആഭ്യന്തര ടെർമിനൽ (ടെർമിനൽ 2) ആണ് നവീകരിച്ച് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.

ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. നവീകരിച്ച ഒന്നാം ടെർമിനലിലേക്ക് 2019ൽ ആഭ്യന്തര വിമാന സർവീസുകൾ മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെർമിനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. വ്യോമയാനേതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാൽ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനലിന്റെ നവീകരണം. നിലവിൽ 40 ശതമാനമാണ് സിയാലിന്റെ വ്യോമയാനേതര വരുമാനം.

ഇത് 60 ശതമാനമായി വർധിപ്പിക്കുകയാണു ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണവും നടന്നു വരുന്നു. ടെർമിനൽ നവീകരണ പദ്ധതിക്ക് സിയാൽ ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി മാനേജിങ് ഡയറക്ടർ എസ് സുഹാസ് അറിയിച്ചു. രണ്ടാം ടെർമിനലിന്റെ വികസനം 3 ഭാഗങ്ങളായാണ് നടത്തുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമാണ് ഇതിനുള്ളത്. ഇത് 3 ബ്ലോക്കായി തിരിക്കും.

ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചിയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് അവയ്ക്കു മാത്രമായി പ്രത്യേക ടെർമിനൽ ആദ്യ ബ്ലോക്കിൽ സജ്ജമാക്കും. ഇവിടെ 3 എക്സിക്യൂട്ടീവ് ലോഞ്ചുകൾ, കസ്റ്റംസ്, ഇമിഗ്രേഷൻ സംവിധാനങ്ങളുമേർപ്പെടുത്തും. പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടാം ബ്ലോക്കിൽ വിവിഐപികൾക്കായി സ്ഥിരം സേഫ് ഹൗസ് ഒരുക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ യാത്രാ പദ്ധതി മറ്റു യാത്രക്കാർക്ക് തടസ്സമില്ലാത്ത വിധത്തിൽ ക്രമീകരിക്കാൻ ഇതുവഴി കഴിയും.

പ്രത്യേക ടെർമിനലുകൾക്കുള്ള സ്ഥലം കഴിഞ്ഞുള്ള 60000 ചതുരശ്ര അടി സ്ഥലത്താണ് ബജറ്റ് ഹോട്ടൽ നിർമിക്കുക. 50 മുറികളുണ്ടാകും. പ്രതിദിന നിരക്കുകൾക്കു പകരം മണിക്കൂർ നിരക്കിലായിരിക്കും ഇവിടെ വാടക ഈടാക്കുക. ലഘു സന്ദർശനത്തിനും മറ്റും കൊച്ചിയിലെത്തുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാകും.

By Rathi N