Mon. Dec 23rd, 2024

കൊപ്പം:

ബലി പെരുന്നാൾ ഇളവിന്റെ ആശ്വാസത്തിൽ കൊപ്പം ടൗണിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ പൊലീസ് പിഴ ചുമത്തി. പെരിന്തൽമണ്ണ റോഡിലെ ഏതാനും കടകളാണ് ഇന്നലെ രാവിലെ തുറന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ( ടി നസീറുദ്ദീൻ വിഭാഗം) കടകൾ തുറക്കാനുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം യോഗം ചേർന്ന് ടൗണിലെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

പെരുന്നാൾ ഇളവിൽ കടകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെന്ന് എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ നിയന്ത്രണം നിലനിൽക്കുന്ന പ്രദേശത്ത് ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ലെന്നും ഇതിനാലാണ് കടയുടമകളിൽ നിന്ന് പിഴ ചുമത്തിയതെന്നും പൊലീസും പറയുന്നു. കടകളിൽ നിന്ന് പിഴ ചുമത്താൻ തുടങ്ങിയതോടെ ചില വ്യാപാരികൾ കടകൾ പൂട്ടി.

എന്നാൽ മറ്റു ചിലർ കടകൾ പൂട്ടാൻ വിസമ്മതിച്ചു. തുറന്ന കടകളിൽ നിന്ന് പിഴ ചുമത്താൻ തുടങ്ങിയെന്ന് അറിഞ്ഞതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും എത്തി. തുടർന്ന് വ്യാപാരികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. നടപടിക്കെതിരെ വ്യാപാരികൾ യോഗം ചേർന്ന് പ്രതിഷേധിച്ചു. ടൗണിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

By Rathi N