Fri. Nov 22nd, 2024
നെയ്യാറ്റിൻകര:

റോഡ് നിർമാണത്തിൻ്റെ മറവിൽ മരവും മണ്ണും കടത്തിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ കരുംകുളം ഗ്രാമപ്പഞ്ചായത്ത്, ഇതേ സംഭവത്തിൽ തന്നെ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉത്തരങ്ങളുടെ പേരിൽ വീണ്ടും വെട്ടിലായി. മണ്ണും മരവും കടത്തിയ ഭരണ സമിതി അംഗങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തു വന്നതിനു തെളിവാണു തെറ്റായ വിവരാവകാശ രേഖയ്ക്കു പിന്നിലെന്നു പ്രതിപക്ഷം.

വിവരാവകാശ നിയമ പ്രകാരം, റോഡ് നിർമാണത്തിനു വേണ്ടി എത്ര മരങ്ങൾ മുറിച്ചു മാറ്റിയെന്നും എത്ര ലക്ഷം രൂപയ്ക്കു ലേലം ചെയ്തു വിറ്റുവെന്നുമുള്ള ചോദ്യത്തിന് ‘മരങ്ങൾ മുറിച്ചു മാറ്റിയിട്ടില്ല, ആയതിനാൽ ലേല നടപടികൾ ബാധകമല്ല’ എന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ നൽകിയത്. മണ്ണും ഇവിടെ നിന്ന് കടത്തിയിട്ടില്ലെന്നും രേഖ പറയുന്നു.

പഞ്ചായത്തിലെ ആഴാംകാൽ – പടുവാൽ പ്രദേശത്തു റോഡ് നിർമിക്കുന്നതിനു വേണ്ടി മരങ്ങൾ മുറിച്ചുവെന്നും മണ്ണു നീക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് എം ചിഞ്ചുവും സെക്രട്ടറി പി ബി സന്തോഷ് കുമാറും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയാവുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കമ്മിറ്റി ബഹിഷ്കരിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫിസ് പടിക്കൽ ഒട്ടേറെ പ്രതിഷേധ പരിപാടികളും നടത്തി. റോഡ് നിർമിച്ച ആഴാംകാൽ പടുവാൽ പ്രദേശത്തു നിന്ന് മണ്ണ് കടത്തുന്നതിന്റെ ദൃശ്യങ്ങൾ വാഹനത്തിന്റെ നമ്പർ സഹിതം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. പകൽ വെളിച്ചം പോലെ വ്യക്തമായ ഒരു കാര്യത്തിൽ തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നത്.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മരം മുറിച്ചു കടത്തിയാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ അറിയിക്കേണ്ടതാണ്. എന്നാൽ ഇവിടെ ഇതും പാലിച്ചിട്ടില്ല. ആഴാംകാൽ പടുവാൽ പ്രദേശത്തെ വിവാദ റോഡ് നിർമാണത്തിന്റെ ഭാഗമായി മൂന്നൂറോളം ലോഡ് മണ്ണും അര നൂറ്റാണ്ടോളം പഴക്കമുള്ളതും ലക്ഷങ്ങൾ വിലയുള്ളതുമായ ആഞ്ഞിൽ, പ്ലാവ്, മഹാഗണി തുടങ്ങിയ പതിനഞ്ചോളം മരങ്ങളും കടത്തിയെന്നാണ് ആരോപണം.

വൻ വൃക്ഷങ്ങൾ മുറിച്ചു മാറ്റിയ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കുറെയധികം തെളിവുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

By Divya