Mon. Dec 23rd, 2024

മൂവാറ്റുപുഴ∙

വീട്ടമ്മയെ കുത്തിവീഴ്ത്തി 11 പവനും പണവും കവർന്ന കേസിൽ അറസ്റ്റിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷിനെ റിമാൻഡ് ചെയ്തു. മോഷണം ലക്ഷ്യമിട്ട് കല്ലൂർക്കാട് തഴുവംകുന്ന് പ്രദേശത്ത് പല വീടുകളിലും ഗിരീഷ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

ഇയാൾ മോഷണത്തിനായി എത്തിയ വീടുകളിൽ പുരുഷന്മാർ ഉണ്ടായിരുന്നതിനാലാണ് മോഷണത്തിനു ശ്രമിക്കാതിരുന്നതെന്നു പ്രിൻസിപ്പൽ എസ്ഐ ടിഎം സൂഫി പറഞ്ഞു. മോഷണം നടത്തിയ വീട്ടിൽ ഇയാൾ ഇതിനു മുൻപും എത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ തവണ വീട്ടിൽ വീട്ടമ്മ മാത്രമേ ഉള്ളൂ എന്ന് ഉറപ്പാക്കിയ ശേഷമാണ് എത്തിയത്.

കോട്ടയത്തെ വീട്ടിൽ നിന്ന് വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലേക്കു കടന്ന ഇയാൾ തമിഴ്നാട്ടിലും ആന്ധ്രയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തിൽ മടങ്ങി എത്തിയത്. ഇവിടെ എത്തിയ ശേഷം തമിഴ്നാട്ടിലും മറ്റുമുള്ള ബിസിനസുകളിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് പണം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. ഇത്തരത്തിൽ പണം കിട്ടാതെ വന്നതോടെയാണ് മോഷണം നടത്താൻ തീരുമാനിച്ചത്.

By Rathi N