Fri. Nov 22nd, 2024

കിഴക്കമ്പലം:

വിവിധ സർക്കാർ വകുപ്പുകൾ 11 തവണ കമ്പനിയിൽ പരിശോധന നടത്തിയതിനു പിന്നിൽ കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനാണെന്ന് ആരോപിച്ച കിറ്റെക്സ് അധികൃതർ, ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പകർപ്പുകളും പുറത്തുവിട്ടു. ആരോഗ്യ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കു മേൽ പരിശോധനയ്ക്കായി സമ്മർദം ചെലുത്തിയത് എംഎൽഎയാണ് എന്നാണു തെളിവുകൾ വ്യക്തമാക്കുന്നതെന്നു കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് പറഞ്ഞു.

മലയിടംതുരുത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ മേയ് 10ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് അയച്ച റിപ്പോർട്ടിലാണ് എംഎൽഎ അയച്ചു തന്ന വോയ്‌സ് ക്ലിപ്പ് പ്രകാരമാണ് കിറ്റെക്‌സിൽ പരിശോധന നടത്തിയതെന്ന് വ്യക്തമാക്കുന്നത്.

കൂടാതെ തൊഴിൽ വകുപ്പ് കിറ്റെക്‌സിൽ ആദ്യ പരിശോധന നടത്തിയത് എംഎൽഎയുടെ നിർദേശാനുസരണമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറൽ മാനേജറുടെ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.നേരത്തെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനായ സബ് ജഡ്ജി കിറ്റെക്‌സിൽ പരിശോധന നടത്തുന്നതിനു മുൻപു തന്നെ വിളിച്ചിരുന്നുവെന്ന് എംഎൽഎ തന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്.

ഉദ്യോഗസ്ഥരെ പല വട്ടം ഫോണിൽ വിളിച്ചു കിറ്റെക്‌സിനെതിരെ റിപ്പോർട്ട് കൊടുക്കണമെന്ന് എംഎൽഎ സമ്മർദം ചെലുത്തി.കിറ്റെക്‌സ് പൂട്ടിക്കുകയെന്നതു കുന്നത്തുനാട് എംഎൽഎ അടക്കം 5 എംഎൽഎമാരുടെ ആസൂത്രിത നീക്കമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

By Rathi N