Fri. Apr 26th, 2024
മല്ലപ്പള്ളി:

‘ബയോഗ്യാസ് പ്ലാന്റ്. അന്യർക്കു പ്രവേശനമില്ല. ബയോ ഗ്യാസ് കോംപൗണ്ടിലും പരിസരത്തും പുകവലി, കത്തുന്ന വസ്തുക്കളുടെ ഉപയോഗം ഇവ കർശനമായി നിരോധിച്ചിരിക്കുന്നു’ മല്ലപ്പള്ളി പഞ്ചായത്ത് ശ്രീകൃഷ്ണവിലാസം പബ്ലിക് മാർക്കറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ അറിയിപ്പാണിത്. അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു.

6 വർഷം മുൻപ് നിർമാണം തുടങ്ങിയ ബയോഗ്യാസ് പ്ലാന്റ് മാത്രം പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാൻ അധികൃതർക്കായിട്ടില്ല. മാലിന്യസംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റിനും ഗ്യാസ് ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ജനറേറ്റർ സ്ഥാപിക്കുന്നതിനും 35 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. പ്രതിദിനം എണ്ണൂറ് കിലോയോളം മാലിന്യം ഒരേസമയം നിർമാർജനം ചെയ്യാൻ കഴിയുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

പബ്ലിക് മാർക്കറ്റിലും വഴിവിളക്കുകൾ സ്ഥാപിക്കുമെന്നും പച്ചക്കറി, ഇറച്ചി മാംസാവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടെ അഴുകുന്ന എല്ലാ മാലിന്യങ്ങളും ഇവയിൽ സംസ്കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ കഴിയുമെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി ബയോഗ്യാസ് ഡൈജസ്റ്റർ മാത്രമാണ് നിർമാണം നടത്തിയത്. പിന്നീടുള്ള പണികളൊന്നും നടത്താത്തതുമൂലം പ്ലാന്റ് പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല

By Divya