Tue. Apr 23rd, 2024
കൊല്ലം:

ദേശീയപാത 183 എ ഭരണിക്കാവിൽനിന്ന്‌ ചവറ ടൈറ്റാനിയം ജങ്‌ഷൻവരെ 17 കിലോമീറ്റർ ദീർഘിപ്പിക്കുന്നത്‌ കുന്നത്തൂർ, ചവറ മണ്ഡലങ്ങളുടെ വികസനക്കുതിപ്പിന്‌ വേഗമേറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ്‌ വികസനത്തിന്‌ വഴിയൊരുങ്ങിയത്‌.

നിലവിൽ വണ്ടിപ്പെരിയാർമുതൽ ഭരണിക്കാവ്‌ വരെയാണ്‌ ദേശീയപാതയായി പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതിന്റെ അലൈൻമെന്റ്‌ തയ്യാറായി. ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ദേശീയപാതയിൽനിന്ന്‌ ശബരിമലയ്‌ക്കുള്ള പ്രധാന പാത എന്ന പരിഗണനയിലാണ്‌ റോഡ്‌ ടൈറ്റാനിയംവരെ ദീർഘിപ്പിക്കുന്നത്‌.

ഇതിനൊപ്പം പത്തനംതിട്ടയിൽ ളാഹ, ഇലവുങ്കൽ വഴി പമ്പ റോഡും ദേശീയപാത 183 എ നിലവാരത്തിലേക്ക്‌ ഉയർത്തും. ഭരണിക്കാവ്‌ മുതൽ ചവറ ടൈറ്റാനിയംവരെ (17 കിലോമീറ്റർ) നിലവിൽ പിഡബ്ല്യുഡി റോഡ്‌ ആണ്‌. ഭരണിക്കാവ്‌–- ടൈറ്റാനിയം റോഡ്‌ വികസനത്തിന്റെ ഭാഗമായി പിഡബ്ല്യുഡി ദേശീയപാത കൊല്ലം ഡിവിഷൻ നേതൃത്വത്തിൽ കിറ്റ്‌കോ കൺസൾട്ടന്റ്‌ ഏജൻസി സാധ്യതാപഠനം നടത്തി അലൈൻമെന്റ്‌ തയ്യാറാക്കിയിരുന്നു.

റോഡിനെ ദേശീയപാത നിലവാരത്തിലേക്ക്‌ ഉയർത്താൻ തീരുമാനമായതോടെ, ഈ അലൈൻമെന്റ്‌ ഉപയോഗപ്പെടും. അലൈൻമെന്റ്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചാൽ ഉടൻ വിശദ പദ്ധതി റിപ്പോർട്ട്‌ (ഡിപിആർ) തയ്യാറാക്കുമെന്ന്‌ പിഡബ്ല്യുഡി ദേശീയപാത കൊല്ലം ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ മായ പറഞ്ഞു.

നിർമാണച്ചെലവ്‌ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർവഹിക്കും.
ഭരണിക്കാവിൽനിന്ന്‌ ആരംഭിച്ച്‌ ശാസ്‌താംകോട്ട, കാരാളിമുക്ക്‌, പടപ്പനാൽ, ചേനങ്കരമുക്ക്‌, പുത്തൻചന്ത വഴി ടൈറ്റാനിയത്തിൽ ദേശീയപാത 66ൽ എത്തും.

By Divya