തിരുവനന്തപുരം:
പരമ്പരാഗത മേഖലയുടെ അർത്ഥഭംഗിയും സംസ്കാര വൈവിധ്യവും വിളിച്ചോതുന്നതാണ് പ്രതാപ് അർജുൻ്റെ ഈ കരവിരുത്. കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിൽ നാളികേര ശിൽപങ്ങളുടെ സ്റ്റുഡിയോ നടത്തുകയാണ് പ്രതാപ്. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള 57കാരനായ പ്രതാപ് നാലരപ്പതിറ്റാണ്ടോളമായി നാളികേരത്തിൽ വിസ്മയം തീർക്കുകയാണ്.
തലസ്ഥാന നഗരത്തിൽ ജനിച്ചുവളർന്ന പ്രതാപ് ചെറുപ്പത്തിൽ ചിത്രങ്ങൾ വരച്ചുതുടങ്ങി, മെല്ലെ കരകൗശലത്തിലേക്ക് കാൽവെച്ചു. സഹായത്തിനോ, പിന്തുണക്കാണോ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ 20ഉം 25ഉം കിലോ ഭാരമുള്ള ശിൽപങ്ങളുടെ ശിൽപിയായി പ്രതാപ് വളർന്നു.
രാഷ്ട്രപതിയിൽനിന്ന് ഹാൻറിക്രാഫ്റ്റ് നാഷനൻ അവാർഡ്, ഹരിയാന സർക്കാറിൻ്റെ കലാനിധി, കലാമണി പുരസ്കാരങ്ങൾ കൂടാതെ മറ്റ് ഒട്ടനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. രാജ്യത്തിനകത്തും പുറത്തും ഏറെ ആരാധകരുണ്ട്. അമേരിക്ക, മോസ്കോ, ദുബൈ ഫെസ്റ്റ് തുടങ്ങി ലോകപ്രശസ്ത മേളകളിലും സാന്നിധ്യമറിയിച്ചു.
കേരളത്തിൽ സംസ്ഥാന സർക്കറിൻ്റെ പുരസ്കാരസമിതിയിൽ വർഷങ്ങളായി അംഗമായിരുന്നതിനാൽ, മത്സരത്തിൽ പങ്കെടുത്തില്ലെന്നും ഇപ്പോൾ അതിൽനിന്ന് മാറിയതിനാൽ ഇനി പങ്കെടുക്കുമെന്നും പ്രതാപ് പറയുന്നു. 2020-21ലെ ദേശീയ ശിൽപഗുരു പുരസ്കാരത്തിന് 25ഓളം തേങ്ങയിൽ തീർത്ത ഗണപതിയുടെ ശിൽപം അയച്ചിട്ടുണ്ട്.
20ഓളം തേങ്ങയിൽ തീർത്ത കഥകളി രൂപം അതിൻ്റെ അവസാനമിനുക്കുപണിയിലുമാണ്. പുരാണത്തിലെ അർജുനൻ്റെ ഈ കഥാപാത്രം സംസ്ഥാന സർക്കാർ പുരസ്കാരത്തിന് നൽകാനാണ് തയാറാക്കിവരുന്നതെന്നും അദ്ദേഹം പറയുന്നു.
ശിൽപങ്ങൾക്ക് ആവശ്യമായ തേങ്ങ നേരത്തെ വീടുകളിൽചെന്ന് ഉറപ്പാക്കി നിർത്തും. വെള്ളത്തിൻ്റെ അംശം പൂർണമായും ഒഴിവാക്കി നിരവധി പരുവപ്പെടുത്തലിന് ശേഷമാണ് ശിൽപനിർമാണത്തിലേക്ക് ഉപയോഗിക്കുക. പൂർണമായും കൈകൊണ്ട് തീർക്കുന്ന ശിൽപത്തിൽ ചിലകാര്യങ്ങൾക്ക് ഇപ്പോൾ മെഷീൻ ഉപയോഗിക്കുന്നു.