Sat. Jan 18th, 2025
വണ്ണപ്പുറം:

ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ നാൽപതേക്കറിൽ ലോഡ് കയറ്റി വന്ന 18 ചക്രമുള്ള ട്രെയ്‌ലർ ലോറി കയറ്റം കയറാനാവാതെ വഴിയിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ റോഡ് തിരഞ്ഞെടുത്തതാണ് പ്രശ്‌നമായത്.

വാഴത്തോപ്പിൽ വൈദ്യുതി ബോർഡിന്റെ ആവശ്യത്തിലേക്ക് 30 ടൺ തൂക്കമുള്ള വൈദ്യുതി കമ്പികളുമായി രാജസ്ഥാനിലെ അജ്മീറിൽ നിന്നു വന്ന ട്രെയ്‌ലർ ആണ് കയറ്റം കയറാനാവാതെ വഴിയിൽ കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും പോകാനാവാതെ വഴിയിൽ ലോറി കുടുങ്ങുക ആയിരുന്നു. പിന്നീട് ഹൈവേ പൊലീസിന്റെ സഹായത്തോടെ വാഹനം അര കിലോ മീറ്ററിലേറെ ദൂരം പിറകോട്ട് എടുത്ത് പെട്രോൾ പമ്പിൽ എത്തിച്ചാണ് തിരിച്ചത്.

ഇതോടെയാണ് റോഡിലെ ഗതാഗത തടസ്സം നീക്കിയത്. ഒരാഴ്ച മുൻപ് ആജ്മീറിൽ നിന്ന് ലോഡുമായി പോന്ന ലോറിയിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സഹ ഡ്രൈവറും ക്ലീനറും ഇല്ലാതെ രാപകൽ ലോറി ഓടിക്കുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്ന് പൊലീസ് പറഞ്ഞു. വേറെ ഡ്രൈവറെ വിളിച്ച് ലോറി കൊണ്ടു പോയാൽ മതിയെന്ന് പൊലീസുകാർ നിർദേശിച്ചു.

വലിയ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡിൽ വാഹന അപകടങ്ങൾ പതിവാണ്. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് അപകടത്തിന് ഇടയാക്കും. എന്നാൽ ഇതൊന്നും അറിയാതെ ഗൂഗിൾ മാപ്പ് നോക്കി വാഹനങ്ങൾ വരുന്നതാണ് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നത്.

ഏതാനും വർഷം മുൻപ് രാത്രി നാൽപതേക്കർ ഭാഗത്ത് കമ്പി കയറ്റി വന്ന ലോറി കയറ്റം കയറാതെ വന്നതിനെ തുടർന്ന് തിരിച്ച് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടിൽ ഉറങ്ങി കിടന്ന വീട്ടമ്മയും ലോറി ഡ്രൈവറും മരിച്ചിരുന്നു.
റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡുകളോ, മറ്റ് നിയന്ത്രണങ്ങളോ ഇല്ലാത്തതിനാൽ പുറത്തു നിന്നുള്ള ഡ്രൈവർമാർ ഗൂഗിൾ മാപ്പ് നോക്കി ഇതുവഴി ഇത്തരത്തിൽ ഭാര വാഹനങ്ങളുമായി വരുന്നത് അപകട ഭീഷണിയാണ്.

By Divya