Mon. Dec 23rd, 2024
നെടുങ്കണ്ടം:

ജില്ലയിലെ കായികപ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ പ്രോജക്ട് എൻജിനീയര്‍മാരുടെ വിധഗ്​ധ സംഘം പരിശോധന നടത്തി. ഫുട്‌ബാള്‍മൈതാനം, സിന്തറ്റിക് ട്രാക്ക് നിര്‍മാണം, ബാസ്‌കറ്റ്‌ബാള്‍ കോര്‍ട്ട്, ഓടകള്‍ എന്നിവയുടെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ബര്‍മൂഡ ഗ്രാസുള്ള ഫുട്‌ബോള്‍ മൈതാനത്തിന് അനുയോജ്യമായ രീതിയില്‍ പുല്ല് വെട്ടല്‍ പ്രവര്‍ത്തനങ്ങൾ നടക്കുന്നു. ആറ്​ മാസം മുമ്പ് നട്ട്​ തഴച്ചുവളര്‍ന്ന്​ നില്‍ക്കുന്ന പുല്ല്​ 18 അന്തർസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ വെട്ടിയൊരുക്കിവരുകയാണ്. പുല്ല്​ നട്ട്​ പിടിപ്പിച്ചതിന് താഴെ ചുവന്നമണ്ണ്, അരയിഞ്ച് മെറ്റല്‍, മുക്കാല്‍ ഇഞ്ച്് മെറ്റല്‍, ഒരിഞ്ച് മെറ്റല്‍ എന്നീ അഞ്ച്​ പാളികളാണുള്ളത്​.

ഒപ്പം ജൈവ വളങ്ങളും നിറച്ചു. ചുവന്നമണ്ണില്‍ പുഴമണല്‍ കൂട്ടി കലര്‍ത്തിയശേഷമാണ് ബര്‍മൂഡ ഗ്രാസ് നട്ടത്. സ്​റ്റേഡിയത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണിനടിയില്‍ പൈപ്പുകളുമുണ്ട്. 10 കോടിയാണ് സിന്തറ്റിക് സ്‌റ്റേഡിയം നിര്‍മാണത്തിന് വിനിയോഗിക്കുന്നത്.

​സ്‌റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ കായിക മത്സരങ്ങള്‍ പകലും രാത്രിയിലും നടക്കും. ഫ്ലഡ്​ലിറ്റ്​ സംവിധാനത്തോടെ ഒരുക്കുന്ന സ്‌റ്റേഡിയം ഏതുതരം മത്സരം നടത്തുന്നതിനും യോജിച്ച രീതിയിലാണ് ക്രമീകരിക്കുന്നത്. നീണ്ട 10വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം എം മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം നിര്‍മാണം പുനഃരാരംഭിച്ചത്​.

2005-2010 കാലത്ത് അഞ്ചു സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലം സ്‌റ്റേഡിയത്തിനായി ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുകയായിരുന്നു. പൊലീസ് സ്‌റ്റേഷന്‍, സബ്ട്രഷറി, താലൂക്ക്​ ആശുപത്രി എന്നിവക്ക് നടുവിലായി ആറേക്കര്‍ ഭൂമി അന്നത്തെ റവന്യൂ മന്ത്രി കെ പി രാജേന്ദ്രനാണ് 2009ഫെബ്രുവരി 23ന് കായിക സ്‌റ്റേഡിയത്തിനായി ഗ്രാമപഞ്ചായത്തിന് കൈമാറിയത്.

By Divya