(ചിത്രം) ശാസ്താംകോട്ട:
11 വർഷം നീണ്ട കാത്തിരിപ്പിെനാടുവിൽ ശാസ്താംകോട്ട സബ് ട്രഷറി കെട്ടിടം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. 2008-09 ലെ സംസ്ഥാന ബജറ്റിലാണ് ശാസ്താംകോട്ട സബ് ട്രഷറിക്ക് കെട്ടിടം നിർമിക്കാൻ 70 ലക്ഷം രൂപ അനുവദിച്ചത്. നിലവിലെ ട്രഷറി കെട്ടിടം പൊളിച്ച് അതേസ്ഥലത്ത് തന്നെയാണ് പുതിയ കെട്ടിടം പണിയേണ്ടിയിരുന്നത്.
അതിനാൽ കെട്ടിട നിർമാണം നീണ്ടു. ഒപ്പം ട്രഷറി താൽക്കാലികമായി പ്രവർത്തിക്കുന്നതിന് സൗകര്യം ഒരുക്കേണ്ടതുമുണ്ടായിരുന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൻെറ സാംസ്കാരിക നിലയം ഇതിനുവേണ്ടി വിട്ടുനൽകിയെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് വീണ്ടും കാലതാമസമുണ്ടായി.
ഇവയൊക്കെ പരിഹരിച്ച് നാലുവർഷം മുമ്പ് ട്രഷറി പ്രവർത്തനം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി. രണ്ട് വർഷം മുമ്പ് രണ്ട് കോടി ഇരുപത് ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും കെട്ടിട നിർമാണം വീണ്ടും വൈകി. ഇതിനെതിരെ സർവിസ് പെൻഷൻ സംഘടനകൾ പ്രക്ഷോഭത്തിലായിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ വരെ പരാതി എത്തി. ഒടുവിൽ എല്ലാ അനുമതികളും ലഭിച്ച് ഒരുവർഷം മുമ്പ് പണി തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പണികൾ ഏകദേശം പൂർത്തിയായെങ്കിലും പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പിന്നെയും ഉദ്ഘാടനം നീണ്ടു.
സർക്കാർ നിയന്ത്രണത്തിലുള്ള ഇൻകെൽ ആണ് നിർമാണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 10.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.