Mon. Dec 23rd, 2024
പത്തനംതിട്ട:

ജൈവമാലിന്യം ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്നു. സാംക്രമിക രോഗഭീതിയിൽ ജനറൽ ആശുപത്രി. അഡ്മിനിസ്ട്രേഷൻ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിൻവശത്തായി മാലിന്യം തള്ളാൻ അടുത്ത കാലത്ത് കുഴിച്ച കുഴിയാണ് മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിച്ച് പുഴുവിനെയും ഈച്ചയെയും വളർത്തുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്.

ആശുപത്രിയിൽ ജൈവ മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. അടുത്ത കാലം വരെ ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും പ്രദേശവാസികൾ നിരന്തരം പരാതിപ്പെടുന്നതും പതിവായിരുന്നു. നഗരത്തിലെ മാലിന്യം നീക്കാൻ പുതിയ ഏജൻസിയെ നഗരസഭ നിയോഗിച്ചതോടെ ഇവിടെനിന്നു മാലിന്യം നീക്കം ചെയ്തു തുടങ്ങിയിരുന്നു.

മറ്റു മാലിന്യങ്ങൾ അവർ നീക്കം ചെയ്യുന്നുണ്ടെങ്കിലും ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനു പരിഹാരമായിട്ടാണ് വലിയ കുഴി നിർമിച്ച് മാലിന്യം ഇപ്പോൾ അതിലേക്ക് തള്ളുന്നത്. അടുത്തിടെ പെയ്ത മഴയിൽ ഭക്ഷണാവശിഷ്ടങ്ങൾ ചീഞ്ഞ് പുഴുവരിച്ചു ദുർഗന്ധം വമിക്കുകയാണ്.

ഡോക്ടേഴ്സ് ലെയ്ൻ റോഡിൽ കൂടിയും ടിബി റോഡിൽ കൂടിയും മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

By Divya