ഏറ്റുമാനൂർ:
അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി. എന്തു ചെയ്യണമെന്നു അറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതർക്ക് ആശ്വാസമായി മന്ത്രി വി എൻ വാസവൻ്റെ ഇടപെടൽ. ഏറ്റുമാനൂർ വില്ലേജ് ഓഫിസ് പരിസരത്തു നിൽക്കുന്ന കൂറ്റൻ വാക മരമാണു ദ്രവിച്ചു ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിൽ നിൽക്കുന്നത്.
അപകടാവസ്ഥ മുന്നിൽ കണ്ടു മരം വെട്ടുന്നതിനു പലരെയും സമീപിച്ചെങ്കിലും വൻ തുക ആവശ്യപ്പെടുകയായിരുന്നു. റവന്യു അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ ഏറ്റുമാനൂർ പ്രസ് ക്ലബ് സന്ദർശിക്കാൻ എത്തിയ മന്ത്രി വി എൻ വാസവൻ ജീവനക്കാരുടെ ആവശ്യം അറിയുകയും വില്ലേജ് ഓഫിസർ ടി വി ജയകുമാറുമായി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.
ഉടൻ ജില്ലാ കലക്ടർ ഡോ പി കെ ജയശ്രീയുമായി ഫോണിൽ സംസാരിക്കുകയും അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെട്ട് മരം വെട്ടിമാറ്റുന്നതിനു നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. സമീപത്തെ ഗവ സ്കൂളിനും വ്യാപാര സ്ഥാപനങ്ങൾക്കും അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മരം ഭീഷണിയാണ്.