Wed. Jan 22nd, 2025

പാലപ്പിള്ളി ∙

ചിമ്മിനി ഡാം റോഡിൽ രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തിൽ ഏറ്റവും ചെറിയ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകൾ തിരികെ പോകാതിരിക്കാൻ കാരണമെന്ന് വനപാലകർ പറയുന്നു. കൂട്ടമായി നടക്കുന്നതിനാൽ കുട്ടിയാനയെ മാത്രമായി പരിചരിക്കുന്നതിനും വനപാലകർക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

21 ആനകളാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും വശങ്ങളിലെ റബർ തോട്ടങ്ങളിലുമായി മേഞ്ഞുനടക്കുന്നത്. പകൽപോലും ഇതുവഴിയുള്ള യാത്ര ആശങ്കയിലാണ്. എന്നാൽ ആനക്കൂട്ടം മേയുന്ന വാർത്തയറിഞ്ഞ് കാഴ്ചക്കാരായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.

ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുമ്പോൾ ആനകളുടെ മുഖഭാഗം ലഭിക്കുന്നതിന് ഒച്ചയുണ്ടാക്കുന്നതും വാഹനങ്ങളുടെ ശബ്ദമുയർത്തുന്നതും ആനകളെ പ്രകോപിതരാക്കുന്നുണ്ട്. ആനയെക്കാണാൻ എത്തുന്നവരുടെ തിരക്കേറിയതോടെ വനപാലകർ ഈ മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ തടഞ്ഞിരുന്നു.

By Rathi N