Wed. Jan 22nd, 2025

കൊച്ചി:

ജലയാത്രയുടെ സൗന്ദര്യം നുകർന്ന്‌ തടസ്സങ്ങളില്ലാതെ ഇനി ലക്ഷ്യസ്ഥാനത്ത്‌ എത്താം. കൊച്ചി കപ്പൽശാലയിൽ 23ന്‌ ട്രയൽ റൺ ആരംഭിച്ച്‌ ആഗസ്‌ത്‌ 15ഓടെ ഉദ്‌ഘാടനം ചെയ്യാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനം. വൈറ്റില–കാക്കനാട്‌ റൂട്ടിലാണ് ആദ്യ സർവീസ്‌.

വാട്ടർ മെട്രോയിൽ 20 മിനിറ്റുകൊണ്ട്‌ വൈറ്റിലയിൽനിന്ന്‌ കാക്കനാട്‌ എത്താം. ആദ്യ ബോട്ടിന്റെ നിർമാണം കൊച്ചി കപ്പൽശാലയിൽ പൂർത്തിയായിരുന്നു. 100 പേർക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടാണിത്‌.

ബോട്ടിന്റെ ഇലക്‌ട്രിക്‌ പരിശോധനകൾ പുരോഗമിക്കുകയാണ്‌. 23ന്‌ ട്രയൽറൺ ആരംഭിച്ചശേഷം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‌ (കെഎംആർഎൽ) ‌‌ബോട്ട്‌ കൈമാറും. വാട്ടർ മെട്രോ, ബസ് ടെർമിനൽ, മെട്രോ റെയിൽ എന്നിവ സംയോജിക്കുന്ന രാജ്യത്തെ ഏക യാത്രാ ഹബ്ബായി  വൈറ്റില മാറും.

വാട്ടർ മെട്രോ സർവീസ് കാക്കനാട് ഇൻഫോ പാർക്കിലെ സിൽവർ ലൈൻ അതിവേഗ റെയിൽപ്പാത ടെർമിനലിലേക്കും നീട്ടും. ഇതോടെ ഇൻഫോ പാർക്കിലെ സിൽവർ ലൈൻ സ്റ്റേഷനുസമീപത്തെ ജെട്ടി വിവിധ ഗതാഗതമാർഗങ്ങൾ സംയോജിപ്പിക്കുന്ന ഹബ്ബാകും. ഇൻഫോ പാർക്കിൽനിന്ന് സിൽവർ ലൈനിൽ 10 മിനിറ്റുകൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്താം.

സിൽവർ ലൈൻ സ്‌റ്റേഷൻ, വാട്ടർ മെട്രോ, മെട്രോ റെയിൽ  എന്നിവ സംയോജിക്കുന്ന ഇടമായി കാക്കനാട് മാറും. ആദ്യഘട്ടത്തിൽ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്‌. വൈറ്റില, കാക്കനാട് ജെട്ടികളാണ്‌ പൂർത്തിയായത്‌. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉൾപ്പെടെ 16 എണ്ണത്തിന്റെ നിർമാണം പുനരാരംഭിച്ചു.

20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഏഴ് ജെട്ടികളുടെ നിർമാണത്തിന്‌ മരട്‌, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട്‌ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനമായി.   

കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വര്‍ധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.

By Rathi N