Wed. Jan 22nd, 2025

കണ്ണൂർ:

സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്നു പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി. 500 രൂപ വീതമാണ് ഓരോ വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്നത്. ഇന്നലെ 27 വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയതായി ഡിഎസ്‌സി പ്രതിനിധി അറിയിച്ചു.

മൈതാനം മിലിറ്ററി സ്റ്റേഷൻ വിപുലീകരണത്തിനും പരിശീലനത്തിനുമായി നീക്കിവച്ചതാണെന്നു ചൂണ്ടിക്കാട്ടി ഡിഎസ്‌സി നേരത്തേ മൈതാനത്തിനു ചുറ്റും മുള്ളുവേലി കെട്ടിയിരുന്നു.വാഹനം പാർക്ക് ചെയ്യരുതെന്നും ഫോട്ടോ എടുക്കരുതെന്നും അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കൂട്ടംകൂടരുതെന്നും നിർദേശിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ ഈ മൈതാനം ഒഴിവാക്കി ക്രമീകരണം നടത്തണമെന്നു കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് നിർദേശിച്ചിരുന്നു. ഇന്നലെ എത്തിയ വാഹനങ്ങൾ സ്കൂളിലേക്കു വന്നതല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായും ഡിഎസ്‌സി പ്രതിനിധി പറഞ്ഞു.

മൈതാനത്ത് പരിശോധനയും പിഴയീടാക്കലും തുടരുമെന്നും ഇവർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ ഫോർട്ട് റോഡ് ഭാഗത്ത് ഇന്നലെ വൻ ഗതാഗതക്കുരുക്കായിരുന്നു. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തിയവരുടെ വാഹനങ്ങൾ നിർത്തിയിടാൻ അവിടെ സ്ഥലം ലഭിക്കാത്തതിനാൽ സെന്റ് മൈക്കിൾസിനു മുന്നിലെ മൈതാനത്ത് എത്തിയവരാണ് പിഴ അടയ്ക്കേണ്ടി വന്നത്.