Mon. Dec 23rd, 2024

തൃശൂർ:

ഇനി വയോജനങ്ങൾക്കായി വിലക്കുറവിൽ മരുന്നുകൾ വീട്ടിലെത്തും. മരുന്നിനൊപ്പം അനുബന്ധ ചികിത്സാ സാമഗ്രികളും പൊതുവിപണിയേക്കാൾ വിലക്കുറവിലാണ്‌ എത്തിക്കുക. മരുന്നുകൾക്ക്‌ കാരുണ്യ ഫാർമസിയിൽനിന്ന്‌ വാങ്ങുന്നതിനേക്കാൾ ഒരുശതമാനം അധിക വിലക്കുറവുമുണ്ടാകും.

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ വയോജനക്ഷേമം പദ്ധതിയായ കാരുണ്യ@ഹോം വഴിയാണ്‌ മരുന്നുകൾ എത്തിക്കുന്നത്‌. രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്‌. കൊവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കുകയെന്ന സന്ദേശവും പദ്ധതിയുടെ ഭാഗമാണ്‌.

കാരുണ്യ ഫാർമസി വഴി കുറഞ്ഞത്‌ 30 ശതമാനമാണ്‌ മരുന്നുകൾക്ക്‌ വിലക്കുറവ്‌.    കാരുണ്യ @ഹോം (ഹൗസ്‌ ഹോൾ ഔട്ട്‌ റീച്ച്‌ ഓഫ്‌ മെഡിസിൻ ആൻഡ് എക്യുപ്‌മെന്റ്‌സ്‌) എന്ന പദ്ധതി പ്രകാരം നിലവിലെ വിലക്കിഴിവിന്‌ പുറമെ ഒരു ശതമാനം അധികക്കിഴിവോടെ മരുന്ന്‌‌ വീട്ടിലെത്തിക്കും. 
ജില്ലാ മരുന്ന്‌ സംഭരണശാലകൾ വഴിയും കമ്യൂണിറ്റി ഫാർമസികൾ വഴിയും രജിസ്‌റ്റർ ചെയ്യാം. www.khome.kmscl,kerala,gov,in ലൂടെ ഓൺലൈനായും രജിസ്‌റ്റർ ചെയ്യാം.

പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോറത്തിനൊപ്പം മരുന്നിന്റെ കുറിപ്പടിയും നൽകണം. ഇതനുസരിച്ച്‌ മരുന്നിന്റെ തുക ഗുണഭോക്താവിനെ അറിയിക്കും. ഈ തുക അക്കൗണ്ടുകൾ വഴി അടയ്‌ക്കാം. കൊറിയർ വഴി   മരുന്നും ബില്ലും എത്തിക്കാനാണ്‌ സംവിധാനം.

പരാതികളുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ അറിയിച്ചാൽ പരിഹാരമുണ്ടാവും. പണമടച്ചശേഷം മരുന്ന്‌ കുറിപ്പടികൾ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദേശപ്രകാരം പുതുക്കിനൽകണം. ജൂലൈ 15 വരെ രജിസ്‌റ്റർ ചെയ്‌തവർക്ക്‌ സെപ്‌തംബർ 15 മുതലാണ്‌ മരുന്നുവിതരണം ആരംഭിക്കുക.

സ്ഥിരമായി ഒരേ മരുന്ന്‌ കഴിക്കുന്ന കിടപ്പുരോഗികൾക്കും അർബുദ ബാധിതർക്കും ജീവിതശൈലീ രോഗ ബാധിതർക്കുമെല്ലാം പദ്ധതി ആശ്വാസമാകും.  
കാരുണ്യ ഫാർമസികളിൽനിന്ന്‌ നേരിട്ട്‌ വൻ വിലക്കുറവിൽ മരുന്നുകൾ വാങ്ങാനാവും. സംസ്ഥാനത്ത്‌ 70 കാരുണ്യ ഫാർമസികളുണ്ട്‌. ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ്‌, തൃശൂർ ജനറൽ ആശുപത്രി, ചാലക്കുടി താലൂക്കാശുപത്രി എന്നിവിടങ്ങളിൽ കാരുണ്യ ഫാർമസിയുണ്ട്‌.

സർക്കാർ കമ്പനിക്കൊപ്പം ബ്രാന്റഡ്‌ കമ്പനികളുടെ മരുന്നുകളെല്ലാം ഇവിടെയുണ്ട്‌. ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളിൽനിന്ന്‌ നേരിട്ട്‌ മരുന്ന്‌ സംഭരിക്കുന്നതിനാൽ പൊതുവിപണിയേക്കാൾ വിലക്കുറവുണ്ട്‌. ജീവനക്കാരെല്ലാം ഫാർമസിസ്‌റ്റുകളാണെന്നതിനാൽ വിതരണത്തിലും കൃത്യതയുണ്ടാവും. മരുന്നുകൾ സൂക്ഷിക്കാൻ ശാസ്‌ത്രീയ സംവിധാനങ്ങളുമുണ്ട്‌.

By Rathi N