Wed. Nov 6th, 2024

കൊച്ചി:

എറണാകുളം–ഷൊർണൂർ റെയിൽ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു. ഹൈബി ഈഡൻ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എറണാകുളം–പൂങ്കുന്നം, പൂങ്കുന്നം–ഷൊർണൂർ എന്നിങ്ങനെ 2 സെക്‌ഷനായി ഓട്ടമാറ്റിക് സിഗ്‌നലിങ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിൽ എറണാകുളം–പൂങ്കുന്നം സപ്ലിമെന്ററി ബജറ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഷൊർണൂർ യാഡ് റീമോഡലിങ്ങും നടപ്പാക്കും. ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തുന്നതോടെ 2 സ്റ്റേഷനുകൾക്കിടയിൽ ഒരേ സമയം ഒന്നിലധികം ട്രെയിനുകൾ ഓടിക്കാൻ കഴിയും. കോട്ടയം, ആലപ്പുഴ വഴികളിലൂടെ എറണാകുളത്ത് എത്തുന്ന ട്രെയിനുകൾ ഷൊർണൂർ പാതയിലേക്കാണു പ്രവേശിക്കുന്നത്.

ട്രാക്ക് ഉപയോഗ ശേഷിയുടെ രണ്ടിരട്ടി ട്രെയിനുകൾ ഓടുന്നതിനാൽ പുതിയ സർവീസുകൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പുതിയ സിഗ്നലിങ് സംവിധാനം ഈ പ്രശ്നത്തിനു പരിഹാരമാകും. വൈറ്റിലയ്ക്കടുത്തു എറണാകുളം മാർഷലിങ് യാഡ് ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ശുപാർശ ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിനു കൈമാറും.

വൈറ്റില മൊബിലിറ്റി ഹബ്, വാട്ടർ മെട്രോ, മെട്രോ സ്റ്റേഷൻ എന്നിവയുടെ അടുത്തായി റെയിൽവേ സ്റ്റേഷൻ വരേണ്ട ആവശ്യകത എംപി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. സ്റ്റേഷന് എറണാകുളം സെൻട്രൽ എന്ന പേരു നൽകണമെന്നും എംപി ആവശ്യപ്പെട്ടു. എറണാകുളത്തു നിന്ന് സേലം, ചെന്നൈ, ജയ്സാൽമേർ ട്രെയിനുകൾ ആരംഭിക്കുന്നതു പരിഗണിക്കും.

2 നമ്പരിലോടുന്ന എറണാകുളം–ബെംഗളൂരു സർവീസുകൾ ഒറ്റ നമ്പരിൽ ആഴ്ചയിൽ 3 ദിവസമുള്ള സർവീസാക്കി മാറ്റും. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതിനും എറണാകുളം–വേളാങ്കണ്ണി ബൈവീക്ക്‌ലി സർവീസ് ആരംഭിക്കുന്നതിനു റെയിൽവേ ബോർഡിനെ സമീപിക്കുമെന്നും അധികൃതർ ഉറപ്പു നൽകിയതായി എംപി പറഞ്ഞു. കേരളയുടെ റൂട്ടിൽ പുതിയ രാജധാനി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു സർവീസുകളും പട്ന, പുണെ, ഹൗറ ട്രെയിനുകളുടെ സർവീസുകളുടെ എണ്ണം കൂട്ടുന്നതും ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം വരുമ്പോൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എജിഎം ബി.ജി.മല്യ, പ്രിൻസിപ്പിൽ ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ടിയേര, നിർമാണ വിഭാഗം സിഎഒ പ്രഫുല്ല വർമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

By Rathi N