ചെങ്ങന്നൂർ:
കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), റെയിൽവേ എന്നിവയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയ കേസിൽ ബിജെപി നേതാവ് കീഴടങ്ങി. മുൻ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറുമായ ചെങ്ങന്നൂർ മുളക്കുഴ കാരക്കാട് മലയിൽവീട്ടിൽ സനു എൻനായരാണ് (43) വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം ചെങ്ങന്നൂർ പൊലീസിൽ ഹാജരായി കീഴടങ്ങിയത്.
പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി കൃഷ്ണയുടെയും സഹോദരന്റെയും പരാതിയിൽ സനു, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ കേസെടുത്തിരുന്നു. നിലവിൽ ഒമ്പത് പരാതിയിൽ ആറ് കേസുണ്ട്. 39 പേരിൽ നിന്നാണ് പണം വാങ്ങിയത്. കേന്ദ്ര ബിജെപി നേതാക്കളുടെ വിശ്വസ്തനാണെന്ന് പറഞ്ഞും എഫ്സിഐ മെംബർ ബോർഡ് വെച്ച കാറിൽ സഞ്ചരിച്ചുമാണ് സനുവും കൂട്ടരും ഉദ്യോഗാർത്ഥികളിൽനിന്ന് പണം തട്ടിയത്.
മറ്റ് പ്രതികൾ പിടിയിലാകാനുണ്ട്. വിശദ ചോദ്യം ചെയ്യലിൽ ചില ഉന്നതരിലേക്കും അന്വേഷണമെത്തുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാൻ എഫ്സിഐ കേന്ദ്രബോർഡ് അംഗമെന്ന നിലയിൽ ലെനിൻ മാത്യുവിനെ പരിചയപ്പെടുത്തി. കേന്ദ്രമന്ത്രിമാരോരോടും ബിജെപി നേതാക്കളോടുമൊപ്പം നിൽക്കുന്ന ഫോട്ടോകളും കാണിച്ചു. 10 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് കൈപ്പറ്റിയത്.
അഭിമുഖത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ എഫ്സിഐ ഓഫിസുകൾക്ക് സമീപത്തെ ഹോട്ടലുകളിൽ താമസിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായവർ ചോദ്യം ചെയ്തു. പിന്നീട് വ്യാജ ഉത്തരവ് നൽകി കടക്കാൻ ശ്രമിച്ചു.
സംശയം തോന്നിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പണം തിരികെ ചോദിക്കുമ്പോൾ കള്ളക്കേസ് നൽകിയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും തുക നഷ്ടപ്പെട്ടവർ മൊഴി നൽകി. സനുവിന്റെ 25 ലക്ഷം വിലമതിക്കുന്ന കാർ കാരക്കാട്ടെ വീട്ടിൽനിന്ന് ആറുദിവസം മുമ്പ് പിടിച്ചെടുത്തിരുന്നു.