Mon. Dec 23rd, 2024

കണ്ണൂർ:

രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്താമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതോടെ വഴിയൊരുങ്ങുന്നത് വികസനക്കുതിപ്പിന്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുൻപായി മേലേച്ചൊവ്വ – മട്ടന്നൂർ – കൂട്ടുപുഴ– വളപുപാറ – മാക്കൂട്ടം – വിരാജ്പേട്ട – മടിക്കേരി – മൈസൂരു റോഡ് ദേശീയപാതയായി ഉയർത്തുന്ന തീരുമാനത്തിന് ദേശീയപാത വിഭാഗം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.ഇതിൻറെ ഭാഗമായി സർവേ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചതോടെ കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്ന റോഡിൻറെ ഭാഗം മരാമത്ത് വകുപ്പിനു കീഴിലെ മേജർ ഡിസ്ട്രിക്ട് റോഡ് മാത്രമായി ചുരുങ്ങി. ഇതോടെ റോഡ് വികസനവും നിലച്ചു. റോഡിൻറെ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജില്ലയിലെ വൻ വികസന പദ്ധതികളെ ഇതു ദോഷകരമായി ബാധിക്കും.

റോഡ് ദേശീയ പാതയായി മാറുന്നതോടെ കണ്ണൂർ വിമാനത്താവളത്തിനു മാത്രമല്ല, അഴീക്കൽ തുറമുഖത്തിനും നേട്ടമാകും. കാർഗോ കോംപ്ലക്സ് സജ്ജമായ വിമാനത്താവളത്തിൽ നിന്നും കപ്പൽ സർവീസ് ആരംഭിച്ച അഴീക്കലിൽ നിന്നുമുള്ള ചരക്കുനീക്കത്തിന് റോഡ് വൻ നേട്ടമാണ്. കുടക് ഭാഗത്തു നിന്നു കാപ്പി ഉൾപ്പെടെയുള്ളവ അഴീക്കലിൽ എത്തിക്കുന്നതിനു പ്രധാന തടസ്സം റോഡിൻറെ പരിമിതിയായിരുന്നു.

കണ്ടെയ്നർ ലോറികൾക്കു കൂടി സുഗമമായി കടന്നുവരാൻ പറ്റുന്ന രീതിയിൽ റോഡ് വികസനം പൂർത്തിയാവുന്നതോടെ അഴീക്കലിലേക്ക് കുടകിൽ നിന്നുള്ള ഉൽപന്നങ്ങൾ സുഗമമായി എത്തിക്കാൻ സാധിക്കും. മലനാട് റിവർ ക്രൂസ് പദ്ധതി ഉൾപ്പെടെ വൻകിട വിനോദസഞ്ചാര പദ്ധതികൾ ഒരുങ്ങുന്ന കണ്ണൂരിലേക്ക് കർണാടകയിൽ നിന്നു കൂടുതൽ സഞ്ചാരികൾ എത്തുന്നതിനും റോഡ് സഹായിക്കും. കുടക് മേഖലയിൽ എത്തുന്ന വിദേശികൾക്കും ഇതര സംസ്ഥാനക്കാർക്കും കണ്ണൂർ കൂടി സന്ദർശിക്കാനുള്ള പ്രേരണയാകും ഈ ദേശീയപാത.