തിരുവനന്തപുരം:
ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെ തൻ്റെ മുച്ചക്ര വാഹനത്തിൽ തെരുവു ഗായകൻ റൊണാൾഡ് (58) ഒരു ബോർഡ് വച്ചു: വൃക്കയും കരളും വിൽപനയ്ക്ക്. അവയവ കച്ചവടം ശിക്ഷാർഹമായിരിക്കെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പൊലീസും കുഴങ്ങി.
വിവരമറിഞ്ഞ പി ടി തോമസ് എംഎൽഎ സഹായവുമായി എത്തിയതോടെ റൊണാൾഡിനു ശുഭപ്രതീക്ഷ. അരയ്ക്കു താഴെ ശരീരം തളർന്ന റൊണാൾഡിന്റെ ജീവിതം കുറച്ചു കാലമായി ഈ മുച്ചക്ര വണ്ടിയിലാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ല.
വിമാനത്താവളത്തിനടുത്താണു മുൻപു വാടകയ്ക്കു താമസിച്ചിരുന്നത്. ഭാര്യ മരിച്ചു. മകൾ ഉപേക്ഷിച്ചു പോയി. മകൻ കേസിൽ കുടുങ്ങി ജയിലിലും. ദാരിദ്ര്യം കനത്തതോടെ വാടക വീട്ടിൽ നിന്നിറങ്ങി.
പലപ്പോഴും എച്ചിലാണു ഭക്ഷണം. എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോഴാണു സ്വന്തം അവയവങ്ങൾ വിൽക്കാൻ തീരുമാനിച്ചത്. കിട്ടുന്ന പണം കൊണ്ടു മകനെ ജാമ്യത്തിൽ ഇറക്കണം. അവനെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ.
തലയ്ക്കു മീതേ ശൂന്യാകാശം, മനുഷ്യപുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല എന്നീ പാട്ടുകളാണു താൻ ഏറ്റവുമധികം തവണ പാടിയിട്ടുള്ളതെന്നു റൊണാൾഡ് പറഞ്ഞു.