തൊടുപുഴ:
വരാന്‍ പോകുന്നത് പ്ലാസ്റ്റിക് ഇഷ്ടികയുടെ കാലം. വണ്ടിപ്പെരിയാറിലെ ഹരിത കര്‍മസേനാംഗങ്ങളാണ് നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്. ജൈവവള നിര്‍മാണ യൂനിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇഷ്ടിക നിര്‍മിച്ചത്.
യൂനിറ്റ് ടെക്നീഷന്‍ ലിജോ തമ്പിയുടെയും ഹരിതകര്‍മ സേനയുടെ കണ്‍സോർട്യം അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു നിർമാണം. ഇതിൻ്റെ ഗുണമേന്മ വിലയിരുത്താൻ എന്‍ജിനീയറിങ് കോളജുകളെ സമീപിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
പ്ലാസ്റ്റിക്കും മണലും യോജിപ്പിച്ച് തറയോടുകളും ഹോളോബ്രിക്സുകളും ഉണ്ടാക്കുന്ന ആഫ്രിക്കയിലെ കാമറൂണില്‍നിന്നുള്ള യുട്യൂബ് വിഡിയോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക്കുകളും മറ്റും ഉരുക്കി അതിലേക്ക് മണല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അച്ചുകളിലൊഴിച്ച് ഇഷ്ടിക ഉണ്ടാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഉറപ്പുണ്ടെങ്കിലും സിമൻറുമായി ചേരുമോയെന്ന സംശയം മേസ്തിരിമാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും ഇതിൻ്റെ ഉറപ്പുമൊക്കെയാണ് ഇനി പരീക്ഷിച്ചറിയേണ്ടത്. അടുത്തതായി തറയോടുകളും ടൈലുകളുമാണ് പ്ലാന്‍ ചെയ്യുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുന്‍ ബി ഡി ഒയും ജില്ല ആസൂത്രണ സമിതി അംഗവുമായ എം ഹരിദാസ് പറഞ്ഞു.
ഇദ്ദേഹത്തിൻ്റെ പ്രോത്സാഹനത്തിലാണ് ഹരിതകര്‍മ സേന കണ്‍സോർട്യം ഇത്തരത്തിലൊരു നൂതന സംരംഭം ആലോചിച്ചതെന്ന് പ്രസിഡൻറ് ലില്ലിക്കുട്ടി തമ്പി, സെക്രട്ടറി മല്ലിക സെല്‍വകുമാര്‍ എന്നിവര്‍ പറഞ്ഞു.