കോട്ടയം:
ഇനി ജില്ലയിലും സി എൻ ജി ബസ്. കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന കാർത്തിക ബസിന് സി എൻ ജി ഇന്ധനമായി ഉപയോഗിക്കാൻ അനുമതി. കോട്ടയം ആർ ടി ഓഫിസിന് കീഴിൽ അനുവാദം ലഭിക്കുന്ന ആദ്യ സ്വകാര്യബസാണിത്. ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന ‘റോയൽസ്’ ബസും ഇന്ധനമാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനൊപ്പം ഇന്ധന വിലവർധന കൂടിയായതോടെ പിടിച്ചുനിൽക്കാൻ മാർഗമില്ലാതായതോടെയാണ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് സി എൻ ജി ഇന്ധനം ഉപയോഗിക്കാവുന്ന വിധത്തിലേക്ക് എൻജിനടക്കമുള്ളവ മാറ്റിയതെന്ന് കാർത്തിക ബസ് ഉടമ കുമരകം കുന്നത്തുകളത്തിൽ രശ്മി ശശിധരൻ പറഞ്ഞു.
കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന ബസിന് പ്രതിദിനം 70 ലിറ്റർ ഡീസലാണ് ആവശ്യം. കോവിഡ്, ലോക്ഡൗൺമൂലം യാത്രക്കാരുടെ എണ്ണം പരിമിതമാണ്. പലദിവസങ്ങളിലും 6000 രൂപയിൽ താഴെ മാത്രമാണ് കലക്ഷൻ.
ഡീസലിനുള്ള പണംപോലും ലഭിക്കാതായതോടെയാണ് നിലനിൽപിനുള്ള അവസാന ശ്രമമെന്ന നിലയിൽ ലക്ഷങ്ങൾ കടമെടുത്ത് സി എൻ ജിയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് ഉടമ പറഞ്ഞു. സി എൻ ജി ഇന്ധനത്തിന് കിലോക്ക് 58 രൂപയും ഡീസലിന് ലിറ്ററിന് 96 രൂപയുമാണ് നിലവിലെ വില. ഇതാണ് സി എൻ ജിയിലേക്ക് മാറാൻ ബസുടമകളെ പ്രേരിപ്പിക്കുന്നത്.