കോഴിക്കോട്:
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ സർക്കാർ ഏതെങ്കിലും രീതിയിലുള്ള ചർച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയെ കൂടാതെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധത്തിൽ പങ്കെടുക്കും.
അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിൻറെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു.
ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
‘എനക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ’ – എന്നായിരുന്നു മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.