Mon. Dec 23rd, 2024
അടിമാലി:

അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനു മുന്നില്‍ ശുചിമുറി നിർമിക്കാന്‍ ഭൂമി അനുവദിച്ച സ്വന്തം ഉത്തരവ്​ കലക്ടര്‍ റദ്ദാക്കി. അടിമാലി പഞ്ചായത്തിനായി ഇറക്കിയ ഉത്തരവാണ് കലക്ടര്‍ എച്ച് ദിനേശന്‍ സ്ഥലംമാറിപ്പോകുന്നതി​ൻെറ തലേദിവസം റദ്ദാക്കി ഉത്തരവ്​ പുറപ്പെടുവിച്ചത്​.

സര്‍ക്കാറി​ൻെറ 12 ഇന പരിപാടിയില്‍ ഉൾപ്പെടുത്തി ടേക് എ ബ്രേക്ക് പദ്ധതിക്ക് ഭൂമി അനുവദിക്കണമെന്ന പഞ്ചായത്തി​ൻെറ നിവേദനപ്രകാരം ജൂണ്‍ 17ന് ഇറക്കിയ സ്വന്തം ഉത്തരവാണ് റദ്ദാക്കിയത്. പൊലീസി​ൻെറ അപ്പീല്‍ പരിഗണിച്ചാണ് നടപടി. അടിമാലിയില്‍ പൊലീസ് സ്​റ്റേഷന്‍ അനുവദിച്ചപ്പോള്‍ പൊലീസിന് കൈമാറിയ ഭൂമിയാണെങ്കിലും ഭൂരേഖപ്രകാരം ഇപ്പോഴും റവന്യൂ ഭൂമിയായിട്ടാണ് സ്ഥലം കിടക്കുന്നത്.

അഭിഭാഷക സംഘടകളും വന്‍കിടക്കാരും അടക്കം ഈ ഭൂമി കൈയേറാൻ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ പൊലീസ്, ഷെഡ് കെട്ടി ഭൂമി സംരക്ഷിച്ച് വരുന്നതിനിടെയാണ് ശുചിമുറി തുടങ്ങാന്‍ സ്ഥലം കൈമാറിയതായി കലക്ടര്‍ ഉത്തരവിറക്കിയത്.

അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനോട് ചേര്‍ന്നുള്ളതാണ് ഭൂമി. മന്നാങ്കണ്ടം വില്ലേജിലെ ബ്ലോക്ക്​ നമ്പര്‍ 5ല്‍ ഉൾപ്പെട്ട 1.21 ആര്‍ ഭൂമി വിട്ടുനല്‍കിയ ഉത്തരവാണ് റദ്ദാക്കിയത്.

By Divya