പള്ളിവാസൽ:
വൈദ്യുതി വിപുലീകരണ പദ്ധതി അനിശ്ചിതമായി നീളുമ്പോൾ 8 പതിറ്റാണ്ടിലധികം പഴക്കമുള്ള പെൻസ്റ്റോക് പൈപ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുമ്പോൾ വൃഷ്ടിപ്രദേശത്തുകാർ അഭിമുഖീകരിക്കുന്ന ദുരന്ത ഭീതിയാണ് പള്ളിവാസൽ, മീൻകട്ട്, പവർഹൗസ് മേഖലകളിലെ ജനങ്ങളും ഇപ്പോൾ അനുഭവിക്കുന്നത്.
1960ൽ സ്ഥാപിച്ച പന്നിയാറിലെ പെൻസ്റ്റോക് പൈപ്പുകൾ 47 വർഷത്തിന് ശേഷം 2007 സെപ്റ്റംബർ 7 ന് തകർന്നപ്പോൾ 8 പേർക്കാണ് ജീവൻ നഷ്ടമായത്. കോടികളുടെ നാശനഷ്ടങ്ങൾ വേറെയും.
എന്നാൽ 37.5 മെഗാവാട്ട് ഉൽപാദനശേഷിയുള്ള പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ പെൻസ്റ്റോക് പൈപ്പുകൾ സ്ഥാപിച്ചത് 83 വർഷം മുൻപാണ്. 10 മില്ലിമീറ്റർ കനമുണ്ടായിരുന്ന ഇവ കാലപ്പഴക്കം മൂലം ദ്രവിച്ചും തേയ്മാനം വന്നും ഇപ്പോൾ കനം പകുതിയായിട്ടുണ്ടാകുമെന്നു വിദഗ്ധർ പറയുന്നു.
2007 ൽ തുടക്കമിട്ട പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയിൽ നിലവിലെ പെൻസ്റ്റോക് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതും ഉൾപ്പെട്ടിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന 2 ഉം 1.6 ഉം മീറ്റർ വ്യാസമുള്ള 2 പൈപ്പുകളിൽ 1.6 മീറ്ററിന്റെ പൈപ്പ് പഴയ പവർഹൗസിലേക്ക് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ പദ്ധതി ഇഴയുന്നത് മൂലം 425 മീറ്റർ നീളത്തിലുള്ള ഈ പൈപ്പ് ഇതുവരെ സ്ഥാപിച്ചിട്ടില്ല.
പന്നിയാർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളുടെ സ്ഥിതി പരിശോധിക്കാൻ വൈദ്യുതി ബോർഡ് നിയോഗിച്ച സെൻട്രൽ പവർ റിസർച് 2010ൽ നൽകിയ റിപ്പോർട്ടിൽ പള്ളിവാസലിലെ പെൻസ്റ്റോക് പൈപ്പുകൾക്ക് തേയ്മാനം സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരുടെ കണ്ടെത്തലുകളുടെ ആഴം പഠിക്കാൻ 2016ൽ കൊച്ചിയിലുള്ള ടെക്നിക്കൽ ഇൻസ്പെക്‌ഷൻ സർവീസിനെ ചുമതലപ്പെടുത്തി. 2 പൈപ്പുകളിൽ ചോർച്ച ഉള്ളതായും തേയ്മാനം മൂലം പൈപ്പുകളുടെ കനം പകുതിയിൽ താഴെയാണെന്നും ആയിരുന്നു ഇവരുടെ കണ്ടെത്തൽ.