കോന്നി:
യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് നിയോജക മണ്ഡലത്തെ മാതൃക ടൂറിസം ഗ്രാമമായി മാറ്റാനും ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കാനും കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത ടൂറിസം രംഗത്തെ വിദഗ്ധരുടെ യോഗത്തിൽ തീരുമാനിച്ചു.
ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളും ഒട്ടേറെ ടൂറിസം സാധ്യത പ്രദേശങ്ങളാൽ സമ്പന്നമാണ്.
ഇവയുടെ വികസനം ഉന്നത നിലവാരത്തിൽ നടത്താനാണ് പദ്ധതി തയാറാക്കുന്നത്. അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശവുമാണ്. ഇത് വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഘടകമാണ്.
കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോൾ ഏനാദിമംഗലം പഞ്ചായത്തിലെ അഞ്ചുമലപ്പാറ, കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറ, പ്രമാടം പഞ്ചായത്തിലെ നെടുംപാറ, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പിലാക്കും.
അടവിയിൽ കൂടുതൽ ട്രീ ടോപ്പ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമിക്കണം. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പാക്കാൻ കഴിയും.