മറയൂര്‍:
മറയൂര്‍ ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തിൻെറ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിർമിച്ചതായും മറയൂര്‍ ടൗണില്‍ പഴയ റോഡ് കൈയേറിയതായും പരാതി. ആശുപത്രി മാനേജ്മൻെറ് കമ്മിറ്റി അംഗമാണ് റവന്യൂ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. മറയൂര്‍ ടൗണില്‍ മധ്യഭാഗത്തായാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തിനായി മൂന്നര ഏക്കര്‍ സ്ഥലം ഉള്ളത്.
നിലവില്‍ ആശുപത്രിക്കായി രണ്ട് ഏക്കര്‍പോലും ഇല്ലാത്ത അവസ്ഥയിലാണ്. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കുമ്പോൾ കെട്ടിട നിർമാണം ഉള്‍പ്പെടെ വേണ്ടി വരുന്ന സാഹചര്യത്തില്‍ കൈയേറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. കൈയേറ്റം ഒഴിപ്പിച്ചാൽ ആശുപത്രിക്കുള്ള സ്ഥലം തന്നെ പരമാവധി ഉപയോഗിക്കാം.
മറയൂര്‍ ടൗണില്‍ പുഴയോട് ചേര്‍ന്നും പഴയ റോഡ് കൈയേറിയും കെട്ടിടം നിർമിച്ചിട്ടുണ്ട്. ഇവയും ഒഴിപ്പിക്കണമെന്ന് റവന്യൂ മന്ത്രി, കലക്ടര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.