Wed. Jan 22nd, 2025

ആലപ്പുഴ ∙

എഫ്സിഐ ഗോഡൗണിൽ തൊഴിലാളികൾക്ക് അട്ടിക്കൂലി അഥവാ ചായക്കാശ് നൽകാത്തതിനെത്തുടർന്ന് ചേർത്തല, കുട്ടനാട് താലൂക്കുകളിലേക്കുള്ള, സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങി. കാർത്തികപ്പള്ളി താലൂക്കിലും പ്രതിസന്ധിയുണ്ട്. എഫ്സിഐ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ അട്ടിക്കൂലി കൊടുക്കാൻ തയാറാകാത്തതാണു പ്രശ്നത്തിനു കാരണം.

റേഷൻകടകൾ വഴി നാളെ വിതരണം ചെയ്തു തീർന്നില്ലെങ്കിൽ നഷ്ടമാകുന്ന പിഎംജികെവൈ അരിയും സൗജന്യ റേഷനും ഉൾപ്പെടെ 525 ലോഡ് ഇന്നലെ കയറ്റിപ്പോകേണ്ടതായിരുന്നു. എന്നാൽ, അമ്പലപ്പുഴ താലൂക്കിലേക്കുള്ള 200 ലോഡ് മാത്രമേ, ലോറിയിൽ കയറ്റിയുള്ളൂ. ചേർത്തല, കുട്ടനാട് താലൂക്കിലെ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ എത്താതിരുന്നതിനാൽ ബാക്കി 325 ലോഡ് കയറ്റാൻ തൊഴിലാളികൾ തയാറായില്ല.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിലെ 96 തൊഴിലാളികളാണു പണിമുടക്കിയത്. ഒരു ലോഡിന് 750 രൂപ വീതമുള്ള അട്ടിക്കൂലി കഴിഞ്ഞ മാസവും നൽകിയില്ലെന്ന് തൊഴിലാളി പ്രതിനിധികളായ എം നവാബ്, ഇക്ബാൽ, ആർ അജീർ, ടിപി സുമേഷ് എന്നിവർ പറഞ്ഞു.

എഫ്സിഐ ഗോഡൗണിൽനിന്നു ഭക്ഷ്യധാന്യം റേഷൻ കടകളിൽ എത്തിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇതിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ട എഫ്സിഐ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർക്കു തൊഴിലാളികളുടെ കൂലിയും അട്ടിക്കൂലിയും ഉൾപ്പെടെ സപ്ലൈകോ നൽകുന്നുണ്ട്. എന്നാൽ കാർത്തികപ്പള്ളി, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ കോൺട്രാക്ടർ തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകാൻ തയാറല്ല. 16ന് ജില്ലാ തലത്തിൽ യോഗം വിളിച്ചു പ്രതിസന്ധി പരിഹരിക്കുമെന്ന് ഡപ്യൂട്ടി ലേബർ ഓഫിസർ എസ് സുരാജ് പറഞ്ഞു.

By Rathi N