Wed. Jan 22nd, 2025
പത്തനംതിട്ട:

വിലക്കയറ്റത്താൽ നട്ടംതിരിയുന്ന സമയത്ത് അനാവശ്യകാരണങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ നിർമാണ മേഖല തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചെറുകിട കരാറുകാരുടെ സംഘടനയായ അസോസിയേഷൻ ഓഫ്‌ പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്​സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച റാന്നി അത്തിക്കയത്ത് കെട്ടിടത്തി​ൻെറ മേൽത്തട്ട് റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് വാർക്കുന്നതിനിടെ ചില തൊഴിലാളി സംഘടനകളുടെ യൂനിയൻ നേതാക്കൾ എത്തി തടഞ്ഞിരുന്നു. തദ്ദേശീയരായ തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ കോൺക്രീറ്റ് മിക്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് കൊടി നാട്ടി. പിന്നീട് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ്​ പ്രശ്നം പരിഹരിച്ചത്.

തൊഴിലാളികൾക്ക് എതിരല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളെ പരിശീലിപ്പിച്ച് പുതിയ തൊഴിൽസംസ്കാരം സൃഷ്​​ടിക്കണം. ഇത്തരം ജോലികളോട് തദ്ദേശീയരായ തൊഴിലാളികൾക്ക് താൽപര്യം കുറഞ്ഞതോടെ അന്തർസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

കമ്പി, സിമൻറ്, പാറ ഉൽപന്നങ്ങൾ തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില വർധനയെത്തുടർന്ന് വലിയ പ്രതിസന്ധിയാണിപ്പോൾ. ഏകീകൃത കൂലിയും ഒരിടത്തുമില്ല. ഇത് നിയന്ത്രിക്കാൻ സർക്കാർ ഇട​പെടൽ അത്യാവശ്യമാണ്. ക്വാറികളിൽ നിന്ന് വൻകിട കരാറുകാർക്കാണ് പാറ ഉൽപന്നങ്ങൾ കൂടുതലും നൽകുന്നത്.

ഇതെല്ലാം ചെറുകിട കരാറുകാരെ വലിയ പ്രതിസന്ധിയിലാക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മഞ്ചു പി ജേക്കബ്, പ്രസിഡൻറ് അജി എൻ, ജില്ല സെക്രട്ടറി മനോജ്, അജികുമാർ എന്നിവർ പങ്കെടുത്തു.

By Divya