Sun. Dec 22nd, 2024

തൃശൂർ:

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകൾക്ക്‌ നേരിയ അറുതി വന്നതോടെ മുസിരിസ് ജലപാത വികസന പ്രവർത്തനങ്ങൾ‌ ഓരോന്നായി തുടങ്ങി. ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ജെട്ടികളുടെ നിർമാണം അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിലും മതിലകം ബംഗ്ലാവ് കടവിലും പുനരാരംഭിച്ചു. മുനയ്ക്കൽ ബീച്ചിലെ നിർമാണം അവസാന ഘട്ടത്തിലാണ്.

ബംഗ്ലാവു കടവ്‌ ജെട്ടിയിൽ പൈലിങ് ജോലികളും തുടങ്ങി. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത, തിരുവഞ്ചിക്കുളം എന്നീ ബോട്ടു ജെട്ടികളെ ബന്ധിപ്പിച്ചുള്ള “ഹോപ് ഓൺ ഹോപ് ഓഫ്’ ജലയാത്രകളാണ് മുസിരിസ് പദ്ധതി വിഭാവനം ചെയ്തത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗം വഴി ബന്ധിപ്പിക്കുവാൻ ഇതിലൂടെ സാധിക്കും.

24 പേർക്കുവീതം സഞ്ചരിക്കാവുന്ന ശീതീകരിച്ച മൂന്ന് ബോട്ടുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയത്. പിന്നീട് ബോട്ടുകളുടെ എണ്ണം വർധിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് 12 പേർ എന്ന രീതിയിൽ പുനക്രമീകരിച്ചിരുന്നു.

ആറുപേർക്കുവീതം സഞ്ചരിക്കാവുന്ന അഞ്ച് അതിവേഗ വാട്ടർ ടാക്സികളുമുണ്ട്. ചുരുക്കം ചില ഇടങ്ങളിലേക്കു മാത്രമേ റോഡ് മാർഗം പോകേണ്ടി വരൂ എന്നത്‌ ബോട്ട് ടൂറിസത്തിന് ഗുണകരമാണെന്ന് മുസിരിസ്‌ മാനേജിങ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.

By Rathi N