Wed. Jan 22nd, 2025

മഞ്ചേരി:

പയ്യനാട് സ്‌റ്റേഡിയത്തിൽ പശ്ചാത്തലസൗകര്യ വികസനത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പുരോഗമിക്കുന്നു. സ്‌റ്റേഡിയത്തിൽ ഷൂട്ടിങ് റേഞ്ച് നിർമിക്കാനുള്ള പുതിയ പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. 50 മീറ്റർ, 25 മീറ്റർ, 10 മീറ്റർ റൈഫിൾ ഷൂട്ടിങ് മത്സരങ്ങൾക്കുള്ള റേഞ്ചുകളാണ് നിർമിക്കുന്നത്.

ദേശീയ നിലവാരത്തിലുള്ള റേഞ്ച് നിർമിക്കാനാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പദ്ധതി തയ്യാറാക്കിയത്. നിർമാണം പൂർത്തിയാകുന്നതോടെ സ്‌കൂൾതലം മുതലുള്ള താരങ്ങൾക്ക്‌ പരിശീലനത്തിനുള്ള സൗകര്യം ഒരുങ്ങും. സ്റ്റേഡിയത്തിൻറെ രണ്ടാംഘട്ട പദ്ധതിക്ക്‌ 14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിന് കിഴക്കുഭാഗത്ത് ഒഴിഞ്ഞ സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന മൾട്ടിപർപ്പസ് ഗ്രൗണ്ടിൻറെ പ്രവൃത്തി പുരോഗമിക്കുന്നു. കബഡി, ഖൊ ഖൊ, ഹാൻഡ് ബോൾ തുടങ്ങിയ മത്സരങ്ങൾക്കുള്ള കോർട്ടും നിർമിക്കും.