Sun. Dec 22nd, 2024
മൂന്നാർ:

വട്ടവട വഴി മൂന്നാറിൽ നിന്നു കൊടൈക്കനാലിലേക്കു പാത നിർമിക്കുന്നതിന് സർവേ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ മൂന്നാറിന്റെയും ഒപ്പം വട്ടവടയുടെയും ടൂറിസം സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു.

2008 ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നെടുമ്പാശേരി– കൊടൈക്കനാൽ റോഡ് പദ്ധതിക്കാണ് വീണ്ടും ജീവൻ വയ്ക്കുന്നത്. വട്ടവട കൊട്ടാക്കമ്പൂരിൽ നിന്ന് തമിഴ്നാട്ടിലെ ക്ലാവര വരെയുള്ള 11 കിലോമീറ്റർ നിലവിലെ റോഡ് ഗതാഗത യോഗ്യമാക്കിയാൽ മൂന്നാറിനേയും കൊടൈക്കനാലിനേയും തമ്മിൽ ബന്ധിപ്പിച്ച് വാഹന ഗതാഗതം സാധ്യമാകും.

ഇതോടെ മൂന്നാറിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള ദൂരം പകുതിയായി കുറയും. നിലവിൽ തേനി വഴി കൊടൈക്കനാലിനു മൂന്നാറിൽ നിന്നുള്ള ദൂരം 181 കിലോമീറ്ററാണ്. പുതിയ പാത യാഥാർഥ്യമായാൽ ദൂരം 94 കിലോമീറ്ററായി ആണ് കുറയുക. മൂന്നാറിൽ നിന്ന് വട്ടവട വരെ 42 കിലോമീറ്ററാണ് ദൂരം.

അവിടെ നിന്ന് അതിർത്തിയായ ക്ലാവര വരെ 12 കിലോമീറ്ററാണ്. നിലവിൽ ക്ലാവര വരെ തമിഴ്നാടിന്റെ ബസ് സർവീസ് ഉണ്ട്. മൂന്നാറിൽ നിന്ന് കൊട്ടാക്കമ്പൂർ വരെ ടാർ റോഡും അവിടെ നിന്ന് കടവരി വരെ മൺ റോഡും ഉണ്ട്.

കടവരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം റോഡ് നിർമിക്കേണ്ടതുണ്ട്. സർക്കാർ അനുമതി ലഭ്യമായാൽ കുറഞ്ഞ ചെലവിൽ കാലതാമസമില്ലാതെ ഈ പാത യാഥാർഥ്യമാക്കാൻ കഴിയും. എന്നാൽ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിലൂടെയാണ് റോഡ് കടന്ന് പോകേണ്ടത് എന്നതിനാൽ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

By Divya