Wed. Jan 22nd, 2025

കോഴിക്കോട്:

ജില്ലയിൽ കൊവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ആശങ്കയുണ്ട്.

ജില്ലയിൽ ആദ്യഘട്ടത്തിൽ 54 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംശയമുള്ള മേഖലകളിൽ കൂടുതൽ പരിശോധന നടത്തിയിരുന്നു.ഇതിൻറെ അടിസ്ഥാനത്തിൽ ശേഖരിച്ച 200 സാംപിളുകളിൽ 107 എണ്ണമാണ് ഡെൽറ്റ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 95 സാംപിളുകളിലും ഡെൽറ്റ വകഭേദം കണ്ടെത്തി.

ഇന്നു കൂടുതൽ മേഖലകളിലേക്കു പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ജില്ലയിൽ ഇന്നലെ 780 പേർക്കു കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 10.35% ആണ് സ്ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 15278 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 2076 ഉൾപ്പെടെ 3836 പേർ നിരീക്ഷണത്തിലുണ്ട്.