ആലുവ:
ദുർഗന്ധം വമിച്ചിരുന്ന കോയേലിമലക്കിനി ഫലവൃക്ഷങ്ങൾ പച്ചപ്പേകും. എടത്തല പഞ്ചായത്ത് 18, 20 വാർഡുകൾ ചേരുന്ന അൽ അമീൻ കോളജിനു സമീപത്തെ കോയേലിമലയിൽ സാമൂഹിക വിരുദ്ധർ സ്ഥിരമായി മാലിന്യം തള്ളുകയായിരുന്നു. പല നാടുകളിൽനിന്നുള്ള മാലിന്യംവരെ വലിയ വാഹനങ്ങളിലടക്കം ഇവിടെ കൊണ്ടിടുകയായിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ നടപടിയൊന്നും എടുത്തിരുന്നില്ല. ഇതിനിടെ നിലവിലെ 18, 20 വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശം വൃത്തിയാക്കി. എന്നാൽ, പിന്നീടും പലരും മാലിന്യം തള്ളുകയായിരുന്നു.
തുടർന്ന്, ഈ പ്രദേശത്ത് മാലിന്യം ഇനിയും തള്ളാതിരിക്കാൻ കാമറ സ്ഥാപിക്കാനും സോഷ്യൽ ഫോറസ്റ്ററി അധികൃതരുമായി സഹകരിച്ച് ഒരു കുട്ടിവനം ഒരുക്കാനും പഞ്ചായത്ത് അംഗങ്ങൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, പഞ്ചായത്ത് അംഗങ്ങളുടെ അഭ്യർഥനപ്രകാരം ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുവേണ്ടി സ്ഥലം പരിശോധിക്കാൻ ഡിഎഫ്ഒ ജയമാധവൻ, റേഞ്ച് ഓഫിസർമാർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. വൃക്ഷത്തൈ നട്ട് എടത്തല പഞ്ചായത്ത് പ്രസിഡൻറ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗങ്ങളായ അഫ്സൽ കുഞ്ഞുമോൻ, ഷിബു പള്ളിക്കുടി, ഡിഎഫ്ഒ എ ജയമാധവൻ, റേഞ്ച് ഓഫിസർ സി.ആർ സിന്ധുമതി എന്നിവർ പങ്കെടുത്തു